പണ്‍കുട്ടികള്‍ക്കായി ‘കിഷോരിമിത്ര’

മലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഹൈസ്‌ക്കുളുകളില്‍ എട്ടാം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി ‘കിഷോരിമിത്ര’ പദ്ധതി നടപ്പാക്കുന്നു. ചുറ്റുപാടുകളില്‍ നിന്ന് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി കൗണ്‍സലിങ് ക്ലാസുകള്‍, സ്വയരക്ഷക്കായി ആയോധനകലാ പരിശീലനം, മോട്ടിവേഷന്‍ ക്ലാസുകള്‍ എന്നിവയാണ് ആസൂത്രണം നടത്തുന്നത്. സ്‌കുളുകളില്‍ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി അധ്യാപകരുടെ യോഗം ചേര്‍ന്നു.
ബ്ലോക്ക് പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി.എച്ച്.ഇക്ബാല്‍ പദ്ധതി വിശദീകരിച്ചു. വിവിധ സ്‌ക്കുളുകളിലെ പി.റ്റി.എ പ്രസിഡന്റുമാര്‍ സ്റ്റാഫ് സെക്രട്ടറിമാര്‍, അധ്യാപകര്‍ ബി.ഡി.ഒ. എ.ഇ.ഒ.ചന്ദ്രന്‍, ബ്ലോക്ക് സ്ഥിരസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.