കുപ്പിവെള്ളം അവശ്യവസ്തുവായി വിജ്ഞാപനം ചെയ്യും, വില 13 രൂപയാകും

കുപ്പിവെള്ളം അവശ്യവസ്തുവായി വിജ്ഞാപനം ചെയ്യാന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാനുള്ള കുപ്പിവെള്ള നിര്‍മാണ അസോസിയേഷന്റെ തീരുമാനം വ്യാപാരി സംഘടനകള്‍ അംഗീകരിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചയോഗത്തിലാണ് തീരുമാനം.

അവശ്യ വസ്തു നിയമത്തിന്റെ പരിധിയില്‍ വരുന്ന അവശ്യവസ്തുവായി കുപ്പിവെള്ളത്തെ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ഇതുസംബന്ധിച്ച് വിജ്ഞാപനമിറങ്ങി വില നിശ്ചയിച്ചുകഴിഞ്ഞാല്‍ എം.ആര്‍.പിയില്‍ കൂടുതല്‍ വില ഈടാക്കുന്നവര്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് വഴി പരിശോധനകള്‍ നടത്തി പിഴ ഈടാക്കാനും നടപടിയെടുക്കാനുമാകും.
കുപ്പിവെള്ളത്തിന് 13 രൂപയായി നിജപ്പെടുത്താന്‍ യോഗത്തില്‍ ധാരണയായി. മന്ത്രിതലത്തില്‍ എടുക്കുന്ന തീരുമാനം അംഗീകരിക്കാമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍ നേരത്തെ അറിയിച്ചിരുന്നു.

യോഗത്തില്‍ കേരള കുപ്പിവെള്ള നിര്‍മാണ അസോസിയേഷന്‍ ഭാരവാഹികള്‍, ഭക്ഷ്യ, നിയമ, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.