ഖത്തര്‍ വോളിബാള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കും

volleyball-general-reuters-ദോഹ: ഖത്തര്‍ വോളിബാള്‍ അസോസിയേഷന്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും റമദാന്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വോളിബാള്‍ ടൂര്‍ണമെന്റില്‍ ഈ തവണ ഇന്ത്യയും പങ്കെടുക്കുന്നു. ആതിഥേയരായ ഖത്തറിനെ കൂടാതെ ആഫ്രിക്കന്‍ കരുത്തരായ ഈജിപ്ത്, കാമറൂണ്‍ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. നാളെ ഖത്തര്‍ വോളിബാള്‍ അസോസിയേഷന്‍ ഹാളില്‍ ഖത്തറുമായി നടക്കുന്ന സൗഹൃദ മത്സരത്തിലും എട്ടാം തിയ്യതി മുതല്‍ പത്തു വരെ അല്‍ അറബി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്റിലുമാണ് ഇന്ത്യന്‍ ടീം മത്സരിക്കുന്നത്.

പഴയ സീനിയര്‍ ടീമില്‍ അടിമുടി മാറ്റം വരുത്തി യുവ രക്തങ്ങളെ ഉള്‍്‌പ്പെടുത്തി ഇന്ത്യ സജ്ജമാക്കിയ പുതിയ സീനിയര്‍് ടീം കഴിഞ്ഞ ആഴ്ച സൗത്ത് ആഫ്രിക്കയില്‍ നടന്ന മൂന്നു മത്സരങ്ങളുടെ സീരീസ് ഏകപക്ഷീയമായി വിജയിച്ചിരുന്നു. ബി പി സി എല്‍ മലയാളി താരം രോഹിതിന്റെ നായകത്വത്തില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമില്‍ രോഹിതിനെ കൂടാതെ മനു ജോസഫ്, അഖിന്‍ എന്നീ മലയാളി താരങ്ങളും ഒപ്പം ഇന്ത്യന്‍ ആക്രമണത്തിന്റെ പുതിയ ആവേശമായ ബി പി സി എല്ലിന്റെ തന്നെ ജെറോം വിനീതും ഉണ്ട്. ടീമിലെ മറ്റംഗങ്ങള്‍: പ്രഭാകരന്‍ കാക്ക, ദീപേഷ് കുമാര്‍ സിന്ഹ,  സോഹന്‍ കുമാര്‍, യശ്വന്ത് കുമാര്‍, ബല്‍ജീത് സിംഗ്, രോഹിത് റാണ, ഹര്‍ദീപ് സിംഗ്, പ്രഭാകരാന്‍ പറ്റാനി, കെ വാസവന്‍ (മാനേജര്‍), വെങ്കടേഷ് (മുഖ്യ പരിശീലകന്‍), ഹരിലാല്‍, ശൈലേഷ് (സഹ പരിശീലകര്‍), പ്രശാന്ത് മിശ്ര (ഫിസിയോ തെറാപിസ്റ്റ്), അരുണാചലം (അന്താരാഷ്ട്ര റഫറി).

നാളെ ആതിഥേയരുമായി നടക്കുന്ന സൗഹൃദ മത്സരം രാത്രി പത്തരക്കായിരിക്കും ഖത്തര്‍ വോളിബാള്‍ അസോസിയേഷന്‍ ഹാളില്‍ ആരംഭിക്കുക.  അല്‍ അറബി സ്റ്റേഡിയത്തില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ എട്ടിനും ഒന്‍പതിനും രാത്രി എട്ടരയ്ക്കും പത്താം തിയ്യതി രാത്രി പത്തരയ്ക്കുമായിരിക്കും ഇന്ത്യയുടെ മത്സരങ്ങള്‍.

മത്സരങ്ങള്‍ കാണാന്‍ തികച്ചും സൗജന്യമായിട്ടാണ് ഖത്തര്‍ വോളിബാള്‍  അസോസിയേഷന്‍ അവസരം ഒരുക്കിയിരിക്കുന്നത്