തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുസ്‌ലിം ലീഗും യു ഡി എഫും സ ജ്ജം;പി കെ കുഞ്ഞാലിക്കുട്ടി

Untitled-1 copyദോഹ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുസ്‌ലിം ലീഗും യു ഡി എഫും സജ്ജമായതായി മുസ്‌ലിം ലീഗ് ദേശീയ ട്രഷററും കേരള വ്യവസായ വകുപ്പ് മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നിശ്ചിത സമയത്തു തന്നെ നടക്കും. അതിനാവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അധികാര വികേന്ദ്രീകരണമുള്‍പ്പെടെ എല്ലാ കാര്യങ്ങളും മാതൃകാപരമായ രീതിയില്‍ കേരളത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മുസ്‌ലിം ലീഗിന്റെ അഭിപ്രായം യു ഡി എഫ് യോഗത്തില്‍ പറയുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തില്‍ മുസ്‌ലിം ലീഗിന് തങ്ങളുടേതായ അഭിപ്രായമുണ്ട.് എന്നാല്‍ അതിപ്പോള്‍ പുറത്ത് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നടക്കുന്ന ആരോപണങ്ങളെ കുറിച്ചും മറ്റുമുള്ള പരാതികള്‍ അവര്‍ തന്നെയാണ് തീര്‍ക്കേണ്ടത്. അതിനുള്ള സംഘടനാ സംവിധാനം കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മുസ്‌ലിം ലീഗ് ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ പി കെ കുഞ്ഞാലിക്കുട്ടി വിവാദങ്ങള്‍ ഒരു നിലക്കും പാര്‍ട്ടിക്കും മുന്നണിക്കും നല്ലതല്ലെന്നും ചൂണ്ടിക്കാട്ടി.

വിവാദങ്ങള്‍ മാത്രം പരിഗണിച്ചല്ല ആളുകള്‍ വോട്ട് ചെയ്യുന്നത്. ജനജീവിതത്തെ മൊത്തത്തില്‍ ഭരണം എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിലയിരുത്തിയാണ് ജനങ്ങള്‍ വോട്ട് രേഖപ്പെടുത്താറുള്ളത്. അതുകൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് സാധ്യതകളുണ്ട്. ഏറെ വിവാദങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടന്നത്. അവിടേയും വിജയം വരിക്കാന്‍ യു ഡി എഫിന് സാധിച്ചത് ജനങ്ങള്‍ ഭരണമാണ് വിലയിരുത്തുകയെന്ന നിലപാടിന് ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബി ജെ പിയാണ് മുഖ്യശത്രു എന്നത് ഒരു താത്വിക വിലയിരുത്തല്‍ മാത്രമാണ്. അത് തെരഞ്ഞെടുപ്പ് ധാരണയുമായി ബന്ധപ്പെട്ട നിലപാടല്ല. മുന്നണിക്ക് പുറത്തുള്ളവരുമായി മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പ് സംഖ്യമുണ്ടാക്കില്ലെന്നും എന്നാല്‍ പ്രദേശിക തെരഞ്ഞെടുപ്പ് നൂറു ശതമാനം രാഷ്ട്രീയ നിലപാടില്‍ നിന്നുകൊണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഹകരിച്ച് കോണ്‍ഗ്രസ് പ്രാദേശിക മുന്നണിയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. മതേതരത്വം അംഗീകരിക്കാത്ത ബി ജെ പിയുമായി കോണ്‍ഗ്രസിന് സഹകരിക്കാന്‍ സാധ്യമല്ല. രാജ്യത്ത് ഒരുപാട് മാറ്റങ്ങള്‍ സംവഭിച്ചിട്ടുണ്ട്. അത് ഗുണകരമായ മാറ്റങ്ങളെല്ലെന്നും അദ്ദേഹം വിലയിരുത്തി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വര്‍ഗീയത കലര്‍ത്തി നേട്ടം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.

എസ് എന്‍  ഡി പിയെ വിഴുങ്ങാനുള്ള ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ളവരുടെ ശ്രമങ്ങളെ കുറിച്ച് മുസ്‌ലിം ലീഗ് അഭിപ്രായം പറയും. എന്നാല്‍ ചാടിക്കയറി അഭിപ്രായം പറഞ്ഞ് അത് കൂടുതല്‍ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നീക്കേണ്ടതില്ല എന്നതാണ് ഇപ്പോഴത്തെ നിലപാടെന്നും ഏറ്റവും ആവശ്യമുള്ള സമയത്ത് കാര്യങ്ങള്‍ പറയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കരിപ്പൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലീഗ് ശക്തമായ  ഇടപെടലുകള്‍ നടത്തും. പരിഷ്‌ക്കരണ പ്രവൃത്തികള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിപാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ചെറിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള അനുമതിക്കായി ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മുസ്‌ലിം ലീഗ് നഷ്ടപരിഹാരം നല്‍കുമെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞത് ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ നിര്‍വഹിക്കണമെന്ന് ഊന്നി പറയാനായിരുന്നുവെന്നും അല്ലാതെ പാര്‍ട്ടി ചെയ്യുമെന്ന് അതിന് അര്‍ഥമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അറബിക്ക് സര്‍വ്വകലാശാലയെ കുറിച്ചുള്ള കാര്യങ്ങള്‍ ഇപ്പോള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും അതിന്റെ സമയത്ത് അതേക്കുറിച്ച് നോക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികളിലെ ഏറ്റവും വലിയ സംഘടനയായ കെ എം സി സിക്ക് മുസ്‌ലിം ലീഗ് പ്രാതിനിധ്യം കൊടുക്കുമോ എന്ന ചോദ്യത്തിന് ജീവകാരുണ്യ സംഘടനയായ കെ എം സി സിക്ക് എല്ലാ കാലത്തും മുസ്‌ലിം ലീഗ് അര്‍ഹമായ സ്ഥാനങ്ങള്‍ നല്കാറുണ്ടെന്ന് അദ്ദേഹം മറുപടി നല്കി.

കെ എം സി സി പ്രസിഡന്റ് എസ് എ എം ബഷീര്‍, ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, ട്രഷറര്‍ അലി പള്ളിയത്ത് എന്നിവരും മന്ത്രിയോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles