ഗുജറാത്തില്‍ നവരാത്രി ദിനത്തില്‍ ക്ഷേത്രത്തില്‍ നൃത്തം കണ്ടതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു

”നിനക്ക് ക്ഷേത്രത്തില്‍ നൃത്തം കാണാനുള്ള അവകാശമില്ല”

ഗാന്ധിനഗര്‍ : ഗൂജറാത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ഗര്‍ബ നൃത്തപരിപാടി കാണാനെത്തിയ ദളിത് യൂവാവിനെ സവര്‍ണ്ണവിഭാഗത്തില്‍ പെട്ടവര്‍ അടിച്ചുകൊന്നു.
ആനന്ദ് ജില്ലയിലെ ഭദ്രാനിയ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് ജയേഷ് സോളങ്കി എന്ന ദളിത് യുവാവിന് അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയത്. സംഭവത്തില്‍ പട്ടേല്‍ വിഭാഗത്തില്‍ പെട്ട എട്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ജയേഷ് ബന്ധുവായ പ്രകാശ് സോളങ്കിക്കൊപ്പം ഗ്രാമത്തിലെ ക്ഷേത്രത്തില്‍ ഗര്‍ബ നൃത്തം കാണാനെത്തിയതായിരുന്നു. ക്ഷേത്രത്തിനടുത്ത് ഇരിക്കുന്നതിനിടെ അതുവഴി കടന്നുവന്ന പട്ടേല്‍ ജാതിക്കാരനായ യുവാവ് ജയേഷിനെ താഴ്ന്ന ജാതിക്കാരനെന്ന് ആക്ഷേപിക്കുകയും, ദളിതുകള്‍ക്ക് ഗര്‍ബ നൃത്തം കാണാനുളള അവകാശമില്ലെന്ന് പറഞ്ഞ് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിനിടെ ഇയാള്‍ ഉയര്‍ന്ന ജാതിക്കാരായ മറ്റു ചിലരേയും വിളിച്ചുവരുത്തുകയും ജയേഷിനെയും ബന്ധുവിനേയും ആക്രമിക്കുകയുമായിരുന്നു.
ജയേഷിന്റെ തല തൊട്ടടുത്ത ഭിത്തിയില്‍ പിടിച്ചിടിക്കുകയും മര്‍ദ്ധ്ിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ ബോധരഹിതനായി. തുടര്‍ന്ന് ജയേഷിനെ ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളുടെ ഒപ്പമുണ്ടായിരുന്നവരെയും ക്രൂരമായി തല്ലിച്ചതച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഗാന്ധിനഗറില്‍ മീശ വച്ചതിന്റെ പേരില്‍ രണ്ട് ദളിത് യുവാക്കളെ രജപുത് വിഭാഗത്തില്‍പെട്ടവര്‍ മര്‍ദിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് പശുവിനെ കൊന്നെന്ന് ആരോപിച്ച് നാലു ദളിത് യുവാക്കളെ ഗുജറാത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യം രാജ്യവ്യാപകമായി വന്‍ പ്രതിഷേധമയുര്‍ത്തിയിരുന്നു