പൊതുസമ്മേളനം: ആലപ്പുഴയ്ക്ക് മടങ്ങില്ലെന്ന് വി.എസ്.

V-S-Achuthanandan_0തിരുവനന്തപുരം: സി പി എം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആലപ്പുഴയ്ക്ക് മടങ്ങില്ലെന്ന് പ്രിതപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വി.എസ് അച്യുതാനന്ദന്‍ ഇക്കാര്യം അറിയിച്ചത്. താന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രമേയം നിലനില്‍ക്കുകയാണ്.

അതിനാലാണ് സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. പാര്‍ട്ടി വിരുദ്ധനായ വ്യക്തി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയല്ല. തന്റെ നിസഹായവസ്ഥ ജനറല്‍ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട് എന്നും വി.എസ്. വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തനിക്കെതിരേ ചേര്‍ത്ത വാസ്തവവിരുദ്ധമായ പരാമര്‍ശങ്ങളില്‍ ഒഴിവാക്കിയതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

പത്രക്കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ് – സിപിഎം സംസ്ഥാന സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ എനിക്കെതിരെ ചേര്‍ത്തിരുന്ന വാസ്തവിരുദ്ധമായ പരാമര്‍ശങ്ങളില്‍ ചിലത് ഒഴിവാക്കിയതായി താന്‍ മനസ്സിലാക്കുന്നു. അത്രത്തോളം നല്ലത്. പി.ബി പരിശോധനയ്ക്ക് ശേഷം ബാക്കി ഭാഗങ്ങളും ഒഴിവാക്കപ്പെടുമെന്ന് ഞാന്‍ ആശിക്കുന്നു.

അതേപോലെ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ മൂന്ന് പാര്‍ട്ടി മെമ്പര്‍മാരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവര്‍ക്കെതിരെ നടപടിവേണമെന്ന് ഞാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ മൂലം ഇതില്‍ ഒരാള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. മറ്റ് രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തില്ല എന്നു മാത്രമല്ല, അവരെ പാര്‍ട്ടി കമ്മിറ്റികളില്‍ നേതാക്കന്മാരായി അവരോധിച്ചിരിക്കുയാണ്. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും പാര്‍ട്ടിക്കുണ്ടായ ദുഷ്‌പ്പേര് ഇല്ലാതാക്കുകയും ചെയ്യണമെന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഞാന്‍ പാര്‍ട്ടിവിരുദ്ധനാണ് എന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഒരു പ്രമേയം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കുന്നത് ശരിയല്ല എന്ന ബോദ്ധ്യംകൊണ്ടാണ് ഞാന്‍ സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നത്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ എനിക്ക് ഇന്നത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെവന്നിരിക്കുകയാണ്. എന്റെ ഈ നിസ്സഹായതാവസ്ഥ ജനറല്‍ സെക്രട്ടറിയെ ഇന്നും രേഖാമൂലം അറിയിച്ചിട്ടുണ്ട്.