സിപിഐ തുറന്നപോരിന്‌ ; ആരും യജമാനനാകേണ്ട;പന്ന്യന്‍

Untitled-2 copyതിരു: അഡ്‌ജസ്റ്റ്‌ മെന്റ്‌ സമരമെന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്‌താവന ഇരിപ്പിടത്തിന്റെ വിലയറിയാതെ നടത്തിയ തെരുവുപ്രസംഗമാണെന്ന പിണറായി വിജയന്റെ പ്രസ്‌താവനയ്‌ക്ക്‌ ശക്‌മായ മറുപടിയുമായി സിപിഐ ജനറല്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പദവിയില്‍ എങ്ങിനെ ഇരിക്കണമെന്ന്‌ പിണറായിയുമായി ചര്‍ച്ചചെയ്യാമെന്നും കോണ്‍ഗ്രസ്‌ ബന്ധം ആരോപിച്ച്‌ വിരട്ടാന്‍ നോക്കേണ്ടെന്നും കോണ്‍ഗ്രസ്സുമായി ബന്ധമുണ്ടാക്കുന്നതില്‍ ആരും മോശക്കാരല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. മുന്നണിയില്‍ തൊഴിലാളിയും യജമാനനുമില്ലെന്നും പന്ന്യന്‍ പറഞ്ഞു.

തെരുവ്‌ പ്രസംഗം അഭിമാനകരമാണെന്നും തെരുവില്‍ പ്രസംഗിച്ചാണ്‌ എകെജി പാര്‍ട്ടി വളര്‍ത്തിയത്‌. തര്‍ക്കത്തിന്റെ വഴി സിപിഐ ആഗ്രഹിക്കുന്നില്ലെന്നും കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക്‌ ആത്മരോശഷത്തിന്റെ ആവശ്യമില്ലെന്നും പന്ന്യന്‍ പറഞ്ഞു.

സിപിഐ കോണ്‍ഗ്രസ്‌ ബന്ധം പഴയ കഥയാണെന്നും കോണ്‍ഗ്രസ്സുമായി ബന്ധമുണ്ടാക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്‌ സിപിഐഎമ്മാണെന്നും 2004 ല്‍ യുപിഎ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സോംനാഥ്‌ ചാറ്റര്‍ജി ശ്രമിച്ചത്‌ മറക്കരുതെന്നും പന്ന്യന്‍ ഓര്‍മ്മിപ്പിച്ചു.

വിവാവദത്തിലേക്ക്‌ പി കെ വിയുടെ പേര്‌ വലിച്ചഴച്ചത്‌ ശരിയായില്ല. അച്യുതമേനോന്‍ സര്‍ക്കാറിന്‌ ജനങ്ങള്‍ നല്‍കിയ അംഗീകാരം മറക്കരുതെന്നും പന്ന്യന്‍ പറഞ്ഞു. എല്‍ഡിഎഫ്‌ സമരം അഡ്‌ജസ്റ്റ്‌മെന്റ്‌ സമരമാണെന്ന അഭിപ്രായം ജനങ്ങള്‍ക്ക്‌ ഉള്ളതുകൊണ്ടാണ്‌ ആത്മവിമര്‍ശനപരമായി താന്‍ അഡ്‌ജസ്റ്റ്‌മെന്റ്‌ സമരത്തെ കുറിച്ച്‌ പറഞ്ഞതെന്നും പന്ന്യന്‍ പറഞ്ഞു.

ബാര്‍കോഴ വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെഎം മാണിയോട്‌ മൃദുസമീപനമാണ്‌ സിപിഐഎം പുലര്‍ത്തുന്നതെന്നും മാണിയെ പറഞ്ഞപ്പോള്‍ മറുപടി ഉടന്‍ ഫേസ്‌ബുക്കില്‍ വന്നെന്നും പന്ന്യന്‍ പറഞ്ഞു. മാണിക്കെതിരെ എന്തുകൊണ്ട്‌ ഒരുമിച്ച്‌ പ്രക്ഷോഭത്തിനില്ലാത്തതെന്നും പന്ന്യന്‍ ചോദിച്ചു.