Section

malabari-logo-mobile

കോര്‍ണിഷില്‍ ആവേശം പകര്‍ന്ന് സമ്പൂര്‍ണ്ണ റിഹേഴ്‌സല്‍ പരേഡ്

HIGHLIGHTS : ദോഹ: ദേശീയ ദിനമായ ഡിസംബര്‍ 18ന് നടക്കുന്ന സൈനിക പരേഡിന്റെ അന്തിമ റിഹേഴ്‌സല്‍ ഇന്നലെ രാവിലെ പരേഡിന്റെ സഞ്ചാര പഥമായ ദോഹ കോര്‍ണിഷില്‍ നടന്നു. രാജ്യത്ത...

ദോഹ: ദേശീയ ദിനമായ ഡിസംബര്‍ 18ന് നടക്കുന്ന സൈനിക പരേഡിന്റെ അന്തിമ റിഹേഴ്‌സല്‍ ഇന്നലെ രാവിലെ പരേഡിന്റെ സഞ്ചാര പഥമായ ദോഹ കോര്‍ണിഷില്‍ നടന്നു. രാജ്യത്തിന്റെ സൈനിക ശക്തിയും സുരക്ഷാ മുന്‍കരുതലുകളും വിളിച്ചോതുന്ന പ്രൗഢമായ സൈനിക പരേഡ് മുന്‍ വര്‍ഷങ്ങളിലെ പരേഡുകളേക്കാള്‍ ഏറെ മികച്ചതായിരുന്നു.
അവസാന റിഹേഴ്‌സല്‍ വീക്ഷിക്കാന്‍ പ്രതിരോധസഹമന്ത്രി സ്റ്റാഫ് മേജര്‍ ജനറല്‍ ഹമദ് ബിന്‍ അലി അല്‍അതിയ്യ, ഖത്തര്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ (പൈലറ്റ്) ഗാനിം ബിന്‍ ശാഹീന്‍ ആല്‍ഗാനിം, അമീരി ഗാര്‍ഡ് കമാന്റര്‍ മേജര്‍ ജനറല്‍ ഹസാഅ് ബിന്‍ ഖലീല്‍ ആല്‍ശഹ്‌വാനി, സൈനിക പരേഡിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ സ്റ്റാഫ് ബ്രിഗേഡിയര്‍ സാലം ബിന്‍ ഫഹദ് ആല്‍അഹ്ബാബി തുടങ്ങിയ ഉന്നത സൈനിക പൊലീസ് ഉദ്യോഗസ്ഥര്‍ ഖത്തറി പാരമ്പ്യര്യം വിളിച്ചോതുന്ന ശൈലിയില്‍ തീര്‍ത്ത മുഖ്യ വേദിയില്‍ എത്തിയിരുന്നു. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളടക്കം നൂറുകണക്കിനു പേരാണ് തെളിഞ്ഞതും സുഖകരവുമായ അന്തരീക്ഷത്തില്‍ നടന്ന സൈനിക പരേഡ് കാണാനെത്തിയത്. ദേശീയ ദിനാഘോഷത്തില്‍ ഉണ്ടായേക്കാവുന്ന സുരക്ഷാ ക്രമീകരണങ്ങളുടെ ബുദ്ധിമുട്ടില്ലാതെ ബാച്ചിലര്‍മാര്‍ അടക്കമുള്ളവര്‍ക്ക് പരേഡ് ആസ്വദിക്കാന്‍ സമ്പൂര്‍ണ്ണ റിഹേഴ്‌സല്‍ അവസരം ഒരുക്കി.
പരേഡ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി ആഭ്യന്തര സുരക്ഷാ സേന (ലഖ്‌വിയ)യുടെ പാരഷ്യൂട്ട്, പാരഗൈഡിംഗ് വിഭാഗം പടുകൂറ്റന്‍ ദേശീയ പതാകയും അമീറിന്റെ ചിത്രവും ദേശീയദിനാഘോഷ പതാകയും വഹിച്ചുകൊണ്ട് ആകാശത്തു നിന്നു മുഖ്യ വേദിക്കു മുമ്പില്‍ പറന്നിറങ്ങി. തൊട്ടു പിറകെ ഖത്തര്‍ സായുധ സേന ബാന്റ് ദേശീയഗാനമാലപിച്ചു. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടു. അതിനു ശേഷം ആര്‍ടിലെറി റെജിമെന്റ് ദേശീയദിനത്തെ സൂചിപ്പിച്ചുകൊണ്ട് ആചാരപമായ 18 പീരങ്കി വെടി മുഴക്കിയതോടെ പരേഡിനു തുടക്കമായി. സൈനിക ബാന്റിന്റെ അകമ്പടിയോടെ നടന്ന പരേഡില്‍ ഏറ്റവും മുമ്പില്‍ ദേശീയ പതാകയേന്തിയ കുതിപ്പുറത്ത് നീങ്ങിയ സൈനിക ഓഫീസര്‍ക്കു പിന്നാലെ അറേബ്യന്‍ കുതിരകളാണ് നീങ്ങിയത്. തൊട്ടു പിന്നാലെ ഒട്ടകക്കൂട്ടങ്ങള്‍ അണിയണിയായി നടന്നുവന്നു. തുടര്‍ന്നാണ് സൈനിക പരേഡ് ആരംഭിച്ചത്. പരേഡില്‍ പങ്കെടുക്കുന്ന എല്ലാ സൈനിക സുരക്ഷാ വിഭാഗങ്ങളുടേയും ഭടന്മാര്‍ ചേര്‍ന്ന് പടുകൂറ്റന്‍ ദേശീയ പതാകയുമായി മുന്നില്‍ നീങ്ങി. പിന്നാലെ വിവിധ സൈനിക പൊലിസ് വിഭാഗങ്ങളുടെ പ്ലാറ്റൂണുകള്‍ മാര്‍ച്ച് ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ നിന്നു ഭിന്നമായി കൂടുതല്‍ സൈനിക വിഭാഗങ്ങളും 1,700ഓളം സൈനികരും ചിട്ടയായി ദേശസ്‌നേഹം തുളുമ്പുന്ന ഗാനങ്ങള്‍ സൈനിക ബാന്റിന്റെ അകമ്പടിയോടെ ആലപിച്ചു നീങ്ങിയത് ആവേശകരമായി. ഖത്തര്‍ സായുധ സേനയുടെ കരസേനയുടെ വിവിധ വിഭാഗങ്ങളും വ്യോമ- നാവിക സേനകളും ആഭ്യന്തര സുരക്ഷാ സേന, വിവിധ പൊലീസ് വിഭാഗങ്ങള്‍, സിവില്‍ ഡിഫന്‍സ്, തീരസംരക്ഷണസേന, റാപിഡ് ആക്ഷന്‍ ഫോഴ്‌സ്, അമീരി ഗാര്‍ഡ്, ഭികര വിരുദ്ധ സേന തുടങ്ങിയ വിഭാഗങ്ങള്‍ ഡോഗ് സ്‌ക്വാഡുകള്‍ തുടങ്ങിയ സൈനിക വിഭാഗങ്ങളാണ് റിഹേഴ്‌സല്‍ പരേഡില്‍ പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷത്തെ പേലെ തന്നെ ഈ വര്‍ഷവും സൈനിക പരേഡ് റുമേല പാര്‍ക്കിനോടു ചേര്‍ന്ന ഭാഗത്തെ കോര്‍ണിഷ് റോഡിലൂടെ മുന്നേറിയപ്പോള്‍ കടലിനോടു ചേര്‍ന്ന ഭാഗത്തെ റോഡിലൂടെയായിരുന്നു. വന്‍ സൈനിക ഉപകരണങ്ങളും ടാങ്കുകളും കവചിതവാഹനങ്ങളും രക്ഷാദൗത്യത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും ആധുനിക വാര്‍ത്താ വിനിമയ ഉപകരണങ്ങളും വാര്‍ത്താവിനിമയ വാഹനങ്ങളും സിവില്‍ ഡിഫെന്‍സ് പൊലീസ് എന്നിവയുടെ ഉപകരണങ്ങളും 1950കളിലും 60കളിലും ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്ന പഴയകാല അമീരി വാഹനങ്ങളും അടക്കം 400ഓളം ഹെവി എക്യുപ്‌മെന്റ് വാഹനങ്ങള്‍ നീങ്ങിയത്. പരേഡിന്റെ പിന്നാലെ രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് പൂക്കുടകളും ആണ്‍കുട്ടികള്‍ ഥൗബ് ധരിച്ച് വാളുകളേന്തിയും മാര്‍ച്ചു നടത്തി.
സൈനിക പരേഡ് നടക്കുമ്പോള്‍ കോര്‍ണിഷ് കടലില്‍ നാവിക സേനാ കപ്പലുകളും സ്പീഡ് ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ സ്പീഡ് ബോട്ടുകളും നീങ്ങി. പരേഡ് നടക്കുമ്പോള്‍ തന്നെ ലഖ്‌വിയയുടെ പാരാഗ്ലൈഡിംഗ് ടീം ദേശീയ പതാകയുടെ നിറത്തില്‍ ആകാശത്തു നിന്ന് പറന്നിറങ്ങിയതും ആവേശം സൃഷ്ടിച്ചു. തുടര്‍ന്ന് ആകാശത്ത് വ്യോമസേനയുടെ അത്യാധുനികമായ സൂപ്പര്‍ സോണിക് മിറാഷ് 2000-5, അല്‍ഫാജെറ്റ് യുദ്ധ വിമാനങ്ങളും വിവിധയിനത്തില്‍ പെട്ട ഹെലികോപ്റ്ററുകളും നാലു പടുകൂറ്റന്‍ സി-17 ചരക്കുവിമാനങ്ങളും ഇടിമുഴക്കം സൃഷ്ടിച്ചു കൊണ്ട് അഭ്യാസങ്ങള്‍ നടത്തി. കോര്‍ണിഷ് കടലില്‍ രാജ്യത്തിന്റെ പൈതൃകം വിളിച്ചോതുന്ന ഒട്ടേറെ ദൗകളും നങ്കൂരമിട്ടിരുന്നു.
ദേശീയ ദിനാഘോഷം പ്രമാണിച്ച് വന്‍ ഒരുക്കങ്ങളാണ് ദോഹ കോര്‍ണിഷില്‍ നടത്തിയിരിക്കുന്നത്. മീഡിയ സിഗ്നല്‍ മുതല്‍ ആഭ്യന്ത മന്ത്രാലയം വരെ റോഡിന്റെ വലതു വശത്ത് കാണികള്‍ക്ക് ഇരുന്നു പരേഡ് വീക്ഷിക്കാന്‍ ഗ്യാലറികള്‍ തീര്‍ത്തിട്ടുണ്ട്. ദേശീയ പതാകകള്‍ കൊണ്ട് അലങ്കരിച്ച വീഥിയില്‍ ഇരുവശവുമുള്ള ഈത്തപ്പനകള്‍ വര്‍ണ്ണ വിളക്കുകള്‍ കൊണ്ടും പ്രകാശം പരത്തുന്ന റാന്തല്‍ വിളക്കുകള്‍കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. കോര്‍ണിഷിലെ റോഡ് ബാരിക്കേഡുകളും പാര്‍ശ്വഭിത്തികളും പോലും ദേശീയ പതാകയുടെ നിറങ്ങളില്‍ മൂടിയിട്ടുണ്ട്. അത്യാധുനിക ശബ്ദ സംവിധാനങ്ങളും പരേഡ് തത്സമയം സംപ്രേഷണം ചെയ്യാനുള്ള സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്യാലറികളിലേക്കും പരേഡിന്റെ സഞ്ചാരപഥത്തിലേക്കും അതിക്രമിച്ചു കടക്കുന്നത് തടയാന്‍ ബാരിക്കേഡുകളും ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!