സദ്യവിളമ്പുന്നതിനിടെ അച്ചാര്‍ തെറിച്ചത് ആര്‍എസ്എസ് യൂത്ത് കോണ്‍ഗ്രസ്സ് സംഘര്‍ഷത്തില്‍ കലാശിച്ചു

തൃക്കരുവ : വിവാഹ സദ്യക്കിടെ അച്ചാര്‍ വിളമ്പിയത് വസ്ത്രത്തിലായതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം ആര്‍എസ്എസ് യൂത്ത് കോണ്‍ഗ്രസ്സ് സംഘട്ടനത്തില്‍ കലാശിച്ചു.ഞായറാഴ്ച ഉച്ചക്ക് തൃക്കരുവ പഞ്ചായത്തിലെ ഇഞ്ചവിള പൗര്‍ണമി ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ തൃക്കരുവ പള്ളിവടക്കതില്‍ ഷെഫീക്ക്(27), കരുവ തെങ്ങാത്ത് വീട്ടില്‍ മിഹറാജ് , കരുവ നിസാ മന്‍സിലില്‍ ഈസാ (20), തൃക്കരുവപ്പളി വടക്കതില്‍ ആഷിക്, വിനു ബി (28) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ രാഹുല്‍, അപ്പു എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം വരുന്ന സംഘമാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയും, മറ്റ് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചവരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അഞ്ചാലുമൂട്- കാഞ്ഞിരംകുഴി റോഡ് ഉപരോധിച്ചു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ ഉന്നത പോലീസ് ഉദേ്യാഗസ്ഥര്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഉപരോധം അവസാനിപ്പിച്ചത്. പത്ത് പേര്‍ക്കെതിരെ അഞ്ചാലുമൂട് പോലീസ് കേസെടുത്തു.