ജില്ലയിലെ ചില്‍ഡ്രന്‍സ്‌ ഹോം കോട്ടക്കലില്‍ വരുന്നു

Untitled-1 copyകോട്ടക്കല്‍: സംസ്ഥാന സാമൂഹ്യനീതി വകുപ്പ്‌ ജില്ലയിലെ ഏക ചില്‍ഡ്രന്‍സ്‌ ഹോം കോട്ടക്കലില്‍ സ്ഥാപിക്കുന്നു. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളില്‍ പരിരക്ഷയും പരിഗണനയും അര്‍ഹിക്കുന്നവരെ ലക്ഷ്യമിട്ടാണ്‌ ജില്ലയില്‍ ചില്‍ഡ്രന്‍സ്‌ ഹോം തുടങ്ങുന്നത്‌. നിലവില്‍ ജില്ലയിലെ ഇത്തരത്തിലുള്ള പെണ്‍കുട്ടികളെ കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ്‌ ഹോമിലാണ്‌ കൊണ്ടുപോയി പാര്‍പ്പിച്ചിരുന്നത്‌. ജില്ലയില്‍ തവനൂരില്‍ കുട്ടികുറ്റവാളികള്‍ക്കായി ജൂവനൈല്‍ ഹോമാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനത്തിനിരയായവരോ അശരണരോ ആയ പെണ്‍കുട്ടികളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ ചില്‍ഡ്രന്‍സ്‌ ഹോം സ്ഥാപിക്കണമെന്ന ആവശ്യം ഏറെ വര്‍ഷങ്ങളായി ഉയരുന്നുണ്ട്‌. നിലവില്‍ കോട്ടക്കല്‍ നഗരസഭ പരിധിയിലെ കാവതിക്കളം ചീനംപുത്തൂരില്‍ വാടകകെട്ടിടം ചില്‍ഡ്രന്‍സ്‌ ഹോം തുടങ്ങുന്നതിനായി നഗരസഭാധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്‌. തിങ്കളാഴ്‌ച്ച രാവിലെ ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെട്ടിടം സന്ദര്‍ശിച്ച്‌ ചില്‍ഡ്രന്‍സ്‌ ഹോമിന്‌ അനുയോജ്യമാണോ എന്നകാര്യം തീരുമാനിക്കും. അനുയോജ്യമാണെങ്കില്‍ ചില്‍ഡ്രന്‍സ്‌ ഹോം വാടകകെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. പിന്നീട്‌ നഗരസഭ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്ത്‌ കെട്ടിടം നിര്‍മിച്ച്‌ ചില്‍ഡ്രന്‍സ്‌ ഹോം അതിലേക്ക്‌ മാറ്റാനാണ്‌ നഗരസഭാധികൃതരുടെ തീരുമാനം.