കോഴിക്ക് 87 രൂപ; ജിഎസ്ടിയുടെ പേരില്‍ എംആര്‍പി വില കൂട്ടിയാല്‍ നടപടി

തിരുവനന്തപുരം:കോഴിയിറച്ചി കിലോയ്ക്ക് 87 രൂപ നിരക്കില്‍ തന്നെ വില്‍ക്കേണ്ടതാണ്. എസ്ടിയുടെ പേരില്‍ കൊള്ള നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ജിഎസ്‌‌‌ടി വ്യാപാരികള്‍ക്ക് വളരെയധികം ഗുണം ചെയ്യുന്നതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജിഎസ്‌ടി ഒരു അവസരമാക്കി കൊള്ളലാഭം നടത്താമെന്ന് ചിലര്‍ കരുതുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടിയെടുക്കണം. വ്യാപാര സംഘടനാ നേതാക്കളെ വിളിച്ച് കര്‍ശനമായ നിര്‍ദ്ദേശം നല്‍കണം.

എംആര്‍പി വിലയേക്കാള്‍ കൂടുതല്‍ ആരെങ്കിലും വാങ്ങിയാല്‍ കേസെടുക്കും. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ധനമന്ത്രി മുന്നറിയിപ്പ് നല്‍കി. ഹോള്‍സെയിലര്‍ക്ക് എംആര്‍പി വില തിരുത്താന്‍ അവകാശമില്ല. ഇത് നിയമവിരുദ്ധമാണ്. കമ്മോഡിറ്റീസ് ആക്ടില്‍ പെടാത്ത സാധനങ്ങള്‍ അതേ വിലയ്‌ക്കോ അതില്‍ കുറച്ചോ ആണ് സിവില്‍ സപ്ലൈസ് വില്‍ക്കുന്നത്. ഇത് എത്രമാത്രം വേണമെങ്കിലും നല്‍കാന്‍ സിവില്‍ സപ്ലൈസ് തയ്യാറാണെന്നും മന്ത്രി അറിയിച്ചു.