ചെമ്മാട് മൊബൈല്‍ ഫോണ്‍ കടകളില്‍ മോഷണം

തിരൂരങ്ങാടി: മാബൈല്‍ വില്‍പ്പന കടകളില്‍ പരക്കെ മോഷണം. ചെമ്മാട് ബസ്റ്റാന്റിന് സമീപത്തെ കെപിഎം കോംപ്ലക്‌സിലെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് കടകളില്‍ നിന്നാണ് ഫോണുകള്‍ മോഷണം പോയിരിക്കുന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.

ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം മനസിലായത്. പന്താരങ്ങാടി പി കെ ഫവാസ്, വേങ്ങര മൂച്ചിക്കടവന്‍ പൈക്കാട്ട് ശിഹാബുദ്ദീന്‍,പതിനാറുങ്ങല്‍ ചുണ്ടന്‍ വീട്ടില്‍ മുഹമ്മദ് റഫീഖ് എന്നിവരുടെ ഷോപ്പുകളിലാണ് കവര്‍ച്ച നടന്നത്.

കടകളില്‍ നന്ന് പതിനൊന്ന് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളാണ് മോഷ്ടിച്ചത്. കടകളിലെ സിസിടിവി ക്യാമറയില്‍ മോഷണദൃശ്യം പതിഞ്ഞിട്ടുണ്ട്. മുഖം മറച്ച നിലയിലാണ് മോഷ്ടാവിന്റെ മുഖം.

പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.