ചാലിയാര്‍ ദോഹ കൂട്ടായ്‌മയുടെ ‘ഭാവിക്ക്‌ വേണ്ടി ചാലിയാര്‍’ പദ്ധതിക്ക്‌ തുടക്കം

chaliyar dohaകോഴിക്കോട്‌: ചാലിയാറിന്റെ ജലസമൃദ്ധി ഉപയോഗപ്പെടുത്തിയുള്ള ടൂറിസം പദ്ധതിക്ക്‌ ചാലിയാര്‍ ദോഹയുടെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ തയ്യാറാക്കി. ബേപ്പൂര്‍ മുതല്‍ കവണക്കല്ല്‌ റഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌ വഴിയുള്ള റോഡ്‌ ഗതാഗതം പദ്ധതിയിലുണ്ട്‌.
ചാലിയാറിന്റെ സംരക്ഷണത്തിലൂടെ വികസനത്തിന്റെ പാതയൊരുക്കാനാണ്‌ പ്രവാസി കൂട്ടായ്‌മയായ ചാലിയാര്‍ ദോഹ രംഗത്തിറങ്ങുന്നത്‌. ഭാവിക്ക്‌ വേണ്ടി ചാലിയാര്‍ എന്ന പേരിലാണ്‌ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. രണ്ടായിരത്തോളം അംഗങ്ങളുള്ള കൂട്ടായ്‌മ ബഹുമുഖ പദ്ധതികളാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. ചാലിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ക്കുവേണ്ടി ജീവകാരുണ്യ പ്രവര്‍ത്തനവും ലക്ഷ്യമിടുന്നുണ്ട്‌.
ചാലിയാര്‍ ദോഹ കൂട്ടായ്‌മയുടെ നാട്ടിലെ പ്രവര്‍ത്തനത്തിന്റെ ആദ്യ പ്രവാസി സംഗമം മാവൂരില്‍ നടന്നു. സംഗമം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാനത്തില്‍ ജമീല ഉദ്‌ഘാടനം ചെയ്‌തു. മശ്‌ഹൂദ്‌ തിരുത്തിയാട്‌ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ പി സി അബ്ദുല്‍ കരീം, ടി ജിഷ, പ്രവാസികളായ സിദ്ദീഖ്‌ വാഴക്കാട്‌, അബ്ദുല്‍ ലത്തീഫ്‌ ഫറോക്ക്‌, നൗഷാദ്‌ കൊടിയത്തൂര്‍, അഹമ്മദ്‌ മാവൂര്‍, ഓനാക്കില്‍ ആലി, തയ്യില്‍ ഹംസ, ഷബീന കൊടിയത്തൂര്‍, ഫാസില മശ്‌ഹൂദ്‌, റഹ്‌മത്ത്‌ മാവൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ബാപ്പു വെള്ളിപ്പറമ്പ്‌, മണ്ണൂര്‍ പ്രകാശ്‌ എന്നിവരെ ആദരിച്ചു.
ചാലിയാറിന്റെ തീരത്തെ വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ സംഗമവും നടന്നു. ചാലിയാറിന്റെ വികസനത്തിനു വേണ്ടി തയ്യാറാക്കിയ രൂപരേഖ ഉടന്‍ ഭരണകൂടങ്ങള്‍ക്ക്‌ സമര്‍പ്പിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.