കോഴിക്കോട്‌ ഓട വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികളും രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറുമടക്കം 3 പേര്‍ മരിച്ചു

കോഴിക്കോട്‌: ഓട വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികളും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറും ഓടയില്‍ കുടുങ്ങി മരിച്ചു. പാളയത്തിന്‌ സമീപം ജയ ഓഡിറ്റോറിയത്തിന്‌ മുന്നിലെ ഭൂഗര്‍ഭ ഓടയില്‍ കുടുങ്ങിയാണ്‌ മൂന്നുപേരും മരിച്ചത്‌.

ഓട വൃത്തിയാക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ടു തൊഴിലാളികളും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറുമാണ്‌ മരിച്ചത്‌. ഇവര്‍ അരമണിക്കൂറോളം നേരം ഓടിയില്‍ കുടൂങ്ങിക്കിടന്നു. ഇന്നു രാവിലെ ഓട വൃത്തിയാക്കുന്നതിനിടയില്‍ വിഷവാദകം ശ്വസിച്ച്‌ തൊഴിലാളികള്‍ ബോധരഹിതരായി ഓടയില്‍ വീഴുകയായിരുന്നു. ഇത്‌ കണ്ട്‌ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ ഓട്ടോ ഡ്രൈവറായ നൗഷാദ്‌ കറുവശ്ശേരിയും അപകടത്തില്‍പ്പെട്ടത്‌.

സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ഏറെ നേരത്തെ ശ്രമകരമായ പ്രയത്‌നത്തിനൊടുവിലാണ്‌ മൂന്ന്‌ പേരെയും പുറത്തെടുത്തതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അധികൃതര്‍ യാതൊരു സുരക്ഷയും ഒരുക്കാതെയാണ്‌ തൊഴിലാളികളെ ഓടവൃത്തിയാക്കാന്‍ നിയോഗിച്ചത്‌.