പുരുഷ വോളിബോള്‍ കണ്ടതിന്‌ അറസ്‌റ്റിലായ ഗോഞ്ചെ ഗവാമിക്ക്‌ ജാമ്യം

ghoncheh-ghavamiടെഹ്‌റാന്‍: ഇറാനില്‍ പുരുഷ വോളിബോള്‍ കണ്ടതിന്‌ അറസ്‌റ്റിലായ ഗോഞ്ചെ ഗവാമിക്ക്‌ കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗവാമി നല്‍കിയ ജാമ്യാപേക്ഷ പരിഗണിച്ചാണ്‌ ജാമ്യം അനുവദിച്ചിരിക്കുന്നത്‌. കഴിഞ്ഞ ജൂണ്‍ 20 നാണ്‌ പുരുഷന്‍മാരുടെ വോളി ബോള്‍ മത്സരം കാണാനെത്തിയതിന്‌ ഗവാമി അറസ്‌റ്റിലായത്‌.

വിചാരണയ്‌ക്കൊടുവില്‍ ഗവാമിക്ക്‌ ഒരു വര്‍ഷത്തെ ശിക്ഷ വിധിക്കുകയായിരുന്നു. ഇതിനെതിരെ ജയിലില്‍ ഗവാമി നിരഹാരം അനുഷ്‌ഠിച്ചിരുന്നു. ഗവാമിയുടെ അറസ്‌റ്റിനെതിരെ ലോകമൊട്ടുക്കും വന്‍ പ്രതിഷേധമാണ്‌ ഉയര്‍ന്നത്‌. അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റിയും ഗവാമിയുടെ മോചനം ആവശ്യപ്പെട്ട്‌ രംഗത്തെത്തിയിരുന്നു.

ഗവാമിയുടെ മോചനം ആവശ്യപ്പെട്ട്‌ ഏതാണ്ട്‌ ഏഴായിരത്തോളം ഓണ്‍ലൈന്‍ ഹര്‍ജികളാണ്‌ സര്‍ക്കാറിന്‌ലഭിച്ചിരുന്നത്‌.