പക്ഷിപ്പനി : നഷ്ടപരിഹാരം ഇന്ന്‌ നല്‍കും

bird-flu1.jpg.image.784.410പക്ഷിപ്പനി ബാധിത മേഖലകളില്‍ ഇതുവരെ നശിപ്പിച്ച വളര്‍ത്തുപക്ഷികളുടെ ഉടമകള്‍ക്ക്‌ നഷ്ടപരിഹാരം ഇന്നു തന്നെ നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത്‌ ചേര്‍ന്ന പക്ഷിപ്പനി അവലോകന യോഗത്തിലാണ്‌ തിരുമാനം. രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള പക്ഷികള്‍ക്ക്‌ 100 ഉം അതിനു മുകളിലുള്ളവയ്‌ക്ക്‌ 200 ഉം രൂപവീതമാണ്‌ നഷ്ടപരിഹാരമായി നല്‍കുന്നത്‌. നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. രോഗബാധിത മേഖലയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ അവശേഷിക്കുന്ന മുഴുവന്‍ പക്ഷികളെയും കൊന്നൊടുക്കുന്നതിന്‌ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരും. ഇതേവരെ 18,882 വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കിയിട്ടുണ്ട്‌. സ്‌ക്വാഡുകള്‍ക്ക്‌ നശിപ്പിക്കാനാവാതെ വിട്ടുപോകുന്ന പക്ഷികളെ കണ്ടെത്തി സംസ്‌കരിച്ച്‌ മറവുചെയ്യാന്‍ പ്രത്യേക നിരീക്ഷണ സ്‌ക്വാഡുകളെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.
രോഗബാധ കണ്ടെത്തിയ മേഖലകളില്‍ നിന്ന്‌ പക്ഷികളെ പുറത്തേയ്‌ക്ക്‌ കൊണ്ടുപോകുന്നില്ലെന്ന്‌ ഉറപ്പുവരുത്തും. ആരോഗ്യവകുപ്പ്‌ നിയോഗിച്ച പ്രത്യേകസംഘം 14,054 വീടുകളില്‍ നേരിട്ടെത്തി പരിശോധന നടത്തിയിട്ടുണ്ട്‌. പ്രതിരോധമരുന്നുകളും പ്രതിരോധകിറ്റുകളും ആവശ്യത്തിന്‌ സംഭരിച്ചിട്ടുണ്ട്‌. 20,000 കിറ്റുകളാണ്‌ ഇതേവരെ ലഭ്യമാക്കിയിട്ടുള്ളത്‌.
പക്ഷികളെ നശിപ്പിക്കാന്‍ സ്‌ക്വാഡുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രതിരോധ മരുന്നുകള്‍ നല്‍കും. 30,000 പ്രതിരോധ ഗുളികകള്‍ കൂടി നാളെ എത്തും. ഇതിനുപുറമേ 30 ലക്ഷം ടാബ്‌ലറ്റുകള്‍ ഉല്‌പാദിപ്പിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളും പൂര്‍ത്തിയാക്കും. പക്ഷികളെ നശിപ്പിക്കാന്‍ 245 സ്‌ക്വാഡുകളെയാണ്‌ സജ്ജജമാക്കിയിട്ടുള്ളത്‌. നിലവില്‍ ആലപ്പുഴയില്‍ 50, പത്തനംതിട്ടയില്‍ 10, കോട്ടയത്ത്‌ 15 എന്നിങ്ങനെയാണ്‌ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നത്‌. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലകളില്‍ കണ്‍ട്രോള്‍റൂമുകളും തുറന്നിട്ടുണ്ട്‌. കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ പക്ഷികള്‍ ചത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇവിടങ്ങളില്‍ നിന്ന്‌ സാംപിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്‌ക്കയച്ചിട്ടുണ്ട്‌.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും രോഗവ്യാപനത്തിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന്‌ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, വി.എസ്‌.ശിവകുമാര്‍, ചീഫ്‌ സെക്രട്ടറി ഇ.കെ.ഭരത്‌ഭൂഷണ്‍, ആരോഗ്യവകുപ്പിലെയും മൃഗസംരക്ഷണവകുപ്പിലെയും ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.