ബഹ്‌റൈനില്‍ സ്ഥാപനത്തില്‍ നിന്നും പണവുമായി മലയാളി മുങ്ങി

മനാമ: ബഹ്‌റൈനിലെ ഫുഡ് ട്രേഡിംഗ് സ്ഥാപനത്തില്‍ നിന്നും പണവുമായി മലയാളി മുങ്ങിയതായി പരാതി. മജീദ് ഫുഡ് ട്രേഡിംഗ് കമ്പനില്‍ സെയില്‍സ് എക്‌സിക്യുട്ടീവാണ് പണവുമായി നാട്ടിലേക്ക് മുങ്ങിയിരിക്കുന്നതെന്ന് കമ്പിനി അധികൃതര്‍ വ്യക്തമാക്കി.കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ കമ്പനിയുടെ വിശ്വസ്ഥ ജോലിക്കാരാനായിരുന്നു.

സ്ഥാപനത്തിലെ ഉല്‍പ്പന്നങ്ങള്‍ വിതരണം നടത്തിയതിന്റെ പണം പിരിച്ചെടുത്തിരുന്നതും ഇദേഹമാണ്. സാധാരണയായി ദിവസേന പിരിച്ചെടുക്കുന്ന തുക അടുത്ത ദിവസം ഓഫീസില്‍ ഏല്‍പ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ ഓഫീസിലെത്തുന്ന സമയം കഴിഞ്ഞിട്ടും എത്താതായതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ ഇയാളുടെ ഫോണില്‍ വിളിച്ചെങ്കിലും അത് സ്വിച്ച്ഓഫ് ആയിരുന്നു. തുടര്‍ന്ന് താമസ സ്ഥലത്ത് അന്വേഷിച്ചെത്തിപ്പോള്‍ കമ്പനി ഉടമസ്ഥതയിലുള്ള വാഹനത്തില്‍ നിന്നും രസീത്ബുക്കും വാഹനത്തിന്റെ താക്കോലും മാത്രമാണ് ലഭിച്ചത്. സുഹൃത്തുക്കളോട് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

അതെസമയം എല്‍എംആര്‍എ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബഹ്‌റൈന്‍ വിട്ടതായി കണ്ടെത്തി. തുടര്‍ന്ന് കമ്പനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. 2017 ല്‍ ജോലിയില്‍ പ്രവേശിച്ച ഇയാള്‍ കമ്പനിയുടെ വിശ്വാസം എളുപ്പത്തില്‍ നേടിയെടുക്കുകയായിരുന്നു. അതുകൊണ്ടു തന്നെ കമ്പനിയുടെ പണമിടപാടുകള്‍ നടത്തുന്നതില്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നതായും കമ്പനി ജനറല്‍ മാനേജര്‍ അഹമ്മദ് മുഹമ്മദ് അബ്ദുള്‍ ഫാത്തി വ്യക്തമാക്കി.

അതെസമയം ബഹ്‌റൈനില്‍ സത്യസന്ധമായി ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ നാണക്കേടുണ്ടാക്കുയിരിക്കുകയാണ് ഈ പ്രവര്‍ത്തിയെന്ന് മലയാളികള്‍ പ്രതികരിച്ചു. നേരത്തെയും സ്വദേശി സ്ഥാപനങ്ങളില്‍ നിന്നും പണവുമായി പ്രവാസികള്‍ കടന്നുകളഞ്ഞിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തി് പല തൊഴിലിടങ്ങളിലും പ്രവാസികളിലുള്ള വിശ്വാസ്ഥത കുറയുന്നതിന് ഇടയാക്കുമെന്ന ആശങ്കയും പ്രവാസികള്‍ക്കുണ്ട്.