ബഹ്‌റൈനില്‍ അനധികൃത വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിക്കല്‍ തുടരുന്നു;ദുരിതത്തിലായി അനധികൃത താമസക്കാരായ വിദേശികള്‍

മനാമ: റോഡരികില്‍ നടത്തിവന്നിരുന്ന അനധികൃത കച്ചവടക്കാര്‍ക്ക് എതിരെയുള്ളനടപടികള്‍ ശക്തമാക്കി അധികൃതര്‍. ഇതിന്റെ ഭാഗമായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലെ ജനങ്ങള്‍ താമസിക്കുന്ന ഇടങ്ങളുടെ അരികില്‍ നിന്നുള്ള ഉന്തുവണ്ടി കച്ചവടങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചു തുടങ്ങി.

പിടിച്ചെടുക്കല്‍ നടപടിയുടെ ഭാഗമായി ഇതുവരെ ഭക്ഷ്യ വിഭവങ്ങള്‍ കൊണ്ടുനടന്ന് വില്‍ക്കുന്ന 70 ട്രോളികള്‍, പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്ന 54 കടകള്‍ എന്നിവ അധികൃതര്‍ പിടിച്ചെടുത്തു. ആരോഗ്യമന്ത്രാലയത്തിന്റെയും വ്യവസായ വാണിജ്യ ടൂറിസം വകുപ്പിന്റെയും സുരക്ഷാ മാനദ്ണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായി പാചകം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങള്‍ ടുബ്ലിയയിലെ തൊഴില്‍ -മുനിസിപ്പാലിറ്റി അഫയേഴ്‌സ് ആന്റ് അര്‍ബന്‍ പ്ലാനിംഗ് മന്ത്രാലയത്തിന്റെ സ്റ്റോറുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും ചേര്‍ന്നാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

അതെസമയം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചതോടെ ദുരിതത്തിലായിരിക്കുന്നത് വിദേശികളായ അനധികൃത താമസക്കാരാണ്. കച്ചവടക്കാരില്‍ ഭൂരിഭാഗവും അനധികൃത താമസക്കാരാണ് എന്നുള്ളതാണ് വാസ്ഥവം. എന്തു ചെയ്യണമെന്നറിയാതെ കഷ്ടത്തിലായിരിക്കുകയാണ് ഇവര്‍.