ബഹ്‌റൈനില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ വിദേശി ഡി.ജെക്ക് 11 വര്‍ഷം തടവും പിഴയും നാടുകടത്തലും

മനാമ: രാജ്യത്ത് വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്ന വിദേശിയായ ഡിസ്‌കോ ജാക്കിക്ക് തടവും പിഴയും. മുപ്പത്കാരനായ യുവാവിന് 11 വര്‍ഷത്തെ തടവും 5,000 ബഹ്‌റൈന്‍ ദിനാര്‍ പിഴയുമാണ് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 1,400 ബഹ്‌റൈന്‍ ദിനാറാണ് പ്രതിയില്‍ നിന്നും പോലീസ് പിടികൂടിയത്. ഇയാളോടൊപ്പം മയക്കുമരുന്ന് ദുരുപയോഗം ചെയ്‌തെന്ന കുറ്റത്തിന് അമേരിക്കന്‍ സ്വദേശിയായ മറ്റൊരാള്‍ക്ക് ഒരു വര്‍ഷം തടവും അഞ്ഞൂറ് ബഹ്‌റൈന്‍ ദിനാര്‍ പിഴയും വിധിച്ചിച്ചുണ്ട്. ശിക്ഷ പൂര്‍ത്തിയായ ശേഷം രണ്ടു പ്രതികളെയും നാടുകടത്തും.

യുവാവ് വന്‍ തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചു വരികയായിരുന്നു. യുവാവിനോട് കഞ്ചാവ് ആവശ്യക്കാരാണെന്ന ഭാവേന ഉദ്യോഗസ്ഥര്‍ സമീപിക്കുകയായിരുന്നു. ജുഫൈറിലെ അപ്പാര്‍ട്ടുമെന്റില്‍ വെച്ച് പ്രതി ഉദ്യോഗസ്ഥര്‍ക്ക് 11 മരിജുവാന സിഗരറ്റുകള്‍ കൈമാറുകയായിരുന്നു.

ഈ ഫ്‌ളാറ്റില്‍ നിന്നും 1,759 ബഹ്‌റൈന്‍ ദിനാറും കണ്ടെത്തി. പ്രതിക്കുമേല്‍ മയക്കുമരുന്ന് ഉപയോഗം വില്‍പ്പന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ കഞ്ചാവിന്റെ ഉപയോഗം അമിതമായി വളരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ രഹസ്യാന്വേഷണ വിഭാഗം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.