ബഹ്‌റൈനില്‍ ഹോട്ടല്‍ വ്യവസായത്തിന്റെ മറവില്‍ പെണ്‍വാണിഭം വര്‍ധിക്കുന്നു;ദുരിത ജീവിതം പേറി മലയാളി സ്ത്രീകളും

മനാമ: രാജ്യത്ത് ഹോട്ടല്‍ ബിസ്‌നസിന്റെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ പെരുകി വരുന്നതായി റിപ്പോര്‍ട്ട്. നാട്ടില്‍ നിന്നും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരാണ് ഇവരുടെ പിടിയിലകടപ്പെടുന്നവരില്‍ ഏറെയും. ടെയ്‌ലര്‍, ബ്യൂട്ടീഷ്യന്‍ വിസയില്‍ ഇവിടെ എത്തുന്ന സ്ത്രീകളാണ് ഇടനിലക്കാരുടെ ഇടപാടിലൂടെ ഹോട്ടല്‍ ജോലിയിലേക്ക് എത്തപ്പെടുന്നത്. കഷ്ടപാടിനെ തുടര്‍ന്ന് ഇവിടെ എത്തുന്ന സ്ത്രീകളാണ് ഇത്തരം ഏജന്റുമാരുടെ വലിയില്‍ വീഴുന്നത്. പലരും ഹോട്ടല്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ലാതെ മനമില്ലാ മനസോടെയാണ് ഈ ജോലി ചെയ്യുന്നത്.

മലയാളികളുടേതുള്‍പ്പെടെയുള്ള റസ്റ്റോറന്റുകളില്‍ ഇത്തരം പ്രവര്‍ത്തനം നടന്നു വരുന്നതായാണ് റിപ്പോര്‍ട്ട്. ഹോട്ടല്‍ ജോലിയില്‍ മനമില്ലാ മനസോടെ പ്രവേശിക്കുന്ന സ്ത്രീകളെ പിന്നീട് പെണ്‍വാണിഭ സംഘങ്ങളുടെ കൈകളിലേക്ക് എത്തിക്കുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. പല റസ്റ്റോറന്റുകളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ശമ്പളമൊന്നും തന്നെ ലഭിക്കാറില്ല. ഇവര്‍ക്ക് ആകെ ലഭിക്കുന്നത് ഉപഭോക്താക്കള്‍ നല്‍കുന്ന ടിപ്‌സ് മാത്രമാണ് .
ചില ഫസ്റ്റ്ക്ലാസ് റസ്റ്റോറന്റുകളില്‍ നടക്കുന്ന ഇത്തരം പ്രവൃത്തിമൂലം നല്ല രീതയില്‍ നടക്കുന്ന റസ്റ്റോറന്റുകള്‍ക്കും ഇവിടെ ജോലി ചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇത് വളരെ പേരുദോഷം ഉണ്ടാക്കുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടു.