ബാബറി മസ്ജിദ് കേസ്; അദ്വാനി ഉള്‍പ്പെടെ പതിമൂന്ന് നേതാക്കള്‍ക്ക് വിചാരണ നേരിടണം

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍ കെ അദ്വാനി അടക്കം പതിമൂന്ന് ബിജെപി നേതാക്കള്‍ക്കെതിരെയുളള ഗൂഢാലോചനാക്കുറ്റം പുനഃസ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. .അദ്വാനിയെ കൂടാതെ ബിജെപി നേതാക്കളായ മുരളീമനോഹര്‍ ജോഷി, കേന്ദ്ര മന്ത്രി ഉമാഭാരതി, പള്ളി പൊളിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ഇപ്പോള്‍ രാജസ്ഥാന്‍ ഗവര്‍ണറുമായ കല്യാണ്‍ സിങ്, വിനയ് കത്യാര്‍ എന്നിവരടക്കം പതിമൂന്ന് നേതാക്കള്‍ക്കെതിരെയാണ് ബാബറി മസ്ജിദ് പൊളിച്ചുനീക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം പുനസ്ഥാപിച്ചത്. ഗവര്‍ണര്‍ ആയതിനാല്‍ കല്യാണ്‍ സിങ്ങിനെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സാങ്കേതിക കാരണങ്ങളുടെ പേരിൽ അദ്വാനി അടക്കമുള്ളവർക്കെതിരെയുള്ള ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ശരിവെച്ച അലഹബാദ് ഹൈകോടതി വിധിയാണ് ജസ്റ്റിസുമാരായ വിനായത് ചന്ദ്രഘോഷ്, റോഹിങ്ക്യൻ നരിമാൻ എന്നിവിരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. തകര്‍ക്കപ്പെടുമ്പോള്‍ അദ്വാനിയും ജോഷിയും സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ ഗൂഢാലോചന നടത്തിയതായാണ് കേസ്

ഈ കുറ്റത്തില്‍ നിന്ന് അലഹബാദ് ഹൈക്കോടതി ഇവരെ ഒഴിവാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി  വിധി അസാധുവാക്കിയാണ് ജസ്റ്റിസുമാരായ പി സി ഘോഷും, റോഹിങ്ടണ്‍ നരിമാനും അടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.

 

കേസിലെ പ്രതിയായ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ് നിലവിൽ രാജസ്ഥാൻ ഗവർണർ ആണ്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ആളായതിനാൽ കല്യാൺ സിങ്ങിനെ വിചാരണ നേരിടുന്നതിൽ നിന്ന് താൽകാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഗവർണർ പദവിയിൽ നിന്ന് മാറുമ്പോൾ കല്യാൺ സിങ് വിചാരണ നേരിടണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

കേസിന്‍റെ വിചാരണ രണ്ടു വർഷത്തിനുള്ളിൽ ലക്നൗ കോടതി പൂർത്തിയാക്കണമെന്നും പരമോന്നത കോടതി ഉത്തരവിട്ടു. അതോടൊപ്പം രണ്ടായി പരിഗണിച്ചിരുന്ന ബാബരി മസ്ജിദ് തകർക്കൽ, ഗൂഢാലോചന കേസുകൾ ലക്നൗ കോടതിയിൽ ഒരുമിച്ച് പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു. റായ്ബറേലി കോടതിയിലാണ് മസ്ജിദ് തകർക്കൽ കേസിന്‍റെ വിചാരണ നടക്കുന്നത്.

അദ്വാനി അടക്കമുള്ളവർക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന ചുമത്തിയ നടപടി റായ്ബറേലി കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സി.ബി.ഐ നൽകിയ ഹരജിയിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. മാർച്ച് 21 കേസ് പരിഗണിച്ചപ്പോൾ തർക്കം കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ ഒരിക്കൽകൂടി ശ്രമിക്കണമെന്നും സുപ്രീംകോടതി അതിന് മധ്യസ്ഥത  വഹിക്കുന്ന കാര്യം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ വ്യക്തമാക്കിയിരുന്നു. തുടർന്ന് വിധി പറയുന്നതിനായി കേസ് മാറ്റുകയായിരുന്നു.