കായികമന്ത്രി മോശമായി പെരുമാറിയെന്ന്‌ അഞ്‌ജു ബോബി ജോര്‍ജ്ജ്‌

anju and ep jayarajanതിരുവനന്തപുരം: കായികമന്ത്രി തന്നോട്‌ മോശമായി പെരുമാറിയെന്നാരോപിച്ച്‌ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റും ലോക അത്‌ലററിക്‌സ്‌ മെഡല്‍ ജേതാവുമായ അഞ്‌ജു ബോബി ജോര്‍ജ്ജ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ പരാതി നല്‍കി.തന്നെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രി ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു. 

അഞ്ജു മുഖ്യമന്ത്രിയേ നേരിട്ടു കണ്ട്, മന്ത്രിയുടെ പെരുമാറ്റത്തില്‍ അതൃപ്തി അറിയിക്കുകയും മുഖ്യമന്ത്രി അവരെ ആശ്വസിപ്പിച്ചു മടക്കുകയും ചെയ്തു . അഞ്ജു അടക്കം സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ മുഴുവനും അഴിമതിക്കാരും പാര്‍ട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയതായാണ് പരാതി.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടികെ ഇബ്രാഹിംകുട്ടിയുമൊത്ത് പുതിയ കായിക മന്ത്രിയെ ആദ്യമായി കാണാന്‍ എത്തിയതായിരുന്നു അഞ്ജു. കൗണ്‍സിലില്‍ അടിമുടി അഴിമതിക്കാരാണെന്ന് ആരോപിച്ച മന്ത്രി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബംഗളൂരുവില്‍നിന്നു വരാന്‍ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നത് ആരോടു ചോദിച്ചിട്ടാണെന്നു ചോദിച്ചു. ‘തങ്ങള്‍ അധികാരത്തില്‍ വരില്ലെന്നു കരുതിയോ… കാത്തിരുന്നു കണ്ടോ’ എന്ന ഭീഷണിയും മുഴക്കിയതായാണ് പരാതി. അടുത്തിടെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാന്വല്‍ പ്രകാരം ചെയ്ത സ്ഥലം മാറ്റങ്ങള്‍ മുഴുവന്‍ റദ്ദാക്കണമെന്ന് മന്ത്രി ഫയലില്‍ എഴുതി. ഇത് കുട്ടികള്‍ക്കു പ്രയാസമുണ്ടാക്കും എന്ന് അഞ്ജു പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ ശകാരമെന്നും അഞ്ജു ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് അഞ്ജു മടങ്ങിയത്.