ആകാശവാണിയില്‍ നിന്നുള്ള മലയാളം വാര്‍ത്ത നിര്‍ത്തലാക്കുന്നു

ദില്ലി: മാര്‍ച്ച് ഒന്നു മുതല്‍ ഡല്‍ഹിയില്‍ നിന്നുള്ള മലയാളം വാര്‍ത്തയുള്‍പ്പെടെയുള്ള പ്രദേശിക ഭാഷകളിലുള്ള ആകാശവാണിവാര്‍ത്തകളുടെ സംപ്രേക്ഷണം നിര്‍ത്തുന്നു. മലയാളത്തിനു പുറമെ അസമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ വാര്‍ത്തകളുടെ സംപ്രേക്ഷണമാണ് നിര്‍ത്തുന്നത്.

ഡല്‍ഹിയില്‍ നിന്നും ഇതുവരെ സംപ്രേക്ഷണം ചെയ്തിരുന്ന പ്രാദേശിക വാര്‍ത്തകള്‍ മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നു സംപ്രേക്ഷണം ചെയ്യാനാണ് നിര്‍ദേശിക്കുന്നത്.

മലയാളം തിരുവനന്തപുരത്തു നിന്നും അസമീസ് ഗുവാഹാട്ടി. ഒഡിയ കട്ടക്, തമിഴ് ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും സംപ്രേക്ഷണം ചെയ്യണമെന്ന് പ്രസാര്‍ ഭാരതി വര്‍ത്താവിഭാഗം ഡയറക്ടര്‍ജനറലിനു വേണ്ടി സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജെ കെ ആചാര്യ പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചു.