Section

malabari-logo-mobile

അകക്കണ്ണിന്റെ വെളിച്ചത്തില്‍ വിജയം സ്വന്തമാക്കി ആദില ഫര്‍സാന

HIGHLIGHTS : താനൂര്‍: അകക്കണ്ണിന്റെ വെളിച്ചം ആയുധമാക്കി ജീവിതത്തോട്‌ പോരടിക്കുന്ന വിദ്യാര്‍ത്ഥിനി നാട്ടിന്റെ അഭിമാനമാകുന്നു. 16 കാരിയായ ഇരുകണ്ണുകള്‍ക്കും കാഴ്‌ച...

aadhila tanur copyതാനൂര്‍: അകക്കണ്ണിന്റെ വെളിച്ചം ആയുധമാക്കി ജീവിതത്തോട്‌ പോരടിക്കുന്ന വിദ്യാര്‍ത്ഥിനി നാട്ടിന്റെ അഭിമാനമാകുന്നു. 16 കാരിയായ ഇരുകണ്ണുകള്‍ക്കും കാഴ്‌ചയില്ലാത്ത താനൂര്‍ സ്വദേശിനി ആദില ഫര്‍സാന ഇക്കഴിഞ്ഞ എസ്‌എസ്‌എല്‍സി പരീക്ഷയിലും മികച്ച വിജയമാണ്‌ നേടയിത്‌.

താനൂര്‍ തെയ്യാല റോഡില്‍ സര്‍വ്വീസ്‌ സ്‌റ്റേഷന്‌ സമീപം താമസിക്കുന്ന ആദില ഫര്‍സാനക്കുമുന്നില്‍ നിറങ്ങളില്ല. നിഴല്‍ രൂപങ്ങള്‍ മാത്രം. ജന്മനാ ലഭിച്ച അന്ധത ജീവിതത്തിന്റെ നിറം കെടുത്തുമ്പോഴും പക്ഷെ വിധിയെ പഴിച്ച്‌ പിന്‍തിരിഞ്ഞ്‌ ഓടാന്‍ തയ്യാറല്ല ഫര്‍സാന. അതുകൊണ്ടുതന്നെ വൈകല്ല്യത്തെ തോല്‍പ്പിച്ച ഈ ഭിന്ന ശേഷിക്കാരി നാളിതുവരെ പരാജയമറിഞ്ഞിട്ടില്ല. ഒടുവില്‍ ഇക്കഴിഞ്ഞ എസ്‌എസ്‌എല്‍സി പരീക്ഷയിലും ആദില പൊരുതി നേടിയത്‌ മികച്ച വിജയം. നാല്‌ എ പ്ലസ്‌, മൂന്ന്‌ എ, രണ്ട്‌ ബി പ്ലസ്‌. ആദിലയുടെ സ്വപ്‌നം ഇതൊന്നുമല്ല. രണ്ടെണ്ണത്തിലൊഴികെ എ പ്ലസ്‌ ബാക്കി എ ഗ്രേഡ്‌. പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്നത്‌ ഈ മിടുക്കിയെ തെല്ലൊന്നുമല്ല അലട്ടുന്നത്‌. അതുകൊണ്ടുതന്നെ 3 പേപ്പറുകള്‍ പുനര്‍ മൂല്യനിര്‍ണ്ണയത്തിന്‌ നല്‍കി കാത്തിരിക്കുകയാണ്‌ ആദില.

sameeksha-malabarinews

പൂര്‍ണ്ണമായും ഇരുട്ടിന്‌ നടുവിലാണ്‌ ആദില പിറന്നു വീണത്‌. അന്ധത തിരിച്ചറിഞ്ഞ രക്ഷിതാക്കള്‍ ചെറുപ്രായത്തില്‍ തന്നെ ചികിത്സ ആരംഭിച്ചു. മധുരയില്‍ ആദ്യഘട്ടത്തില്‍ നടത്തിയ ഒരു ശസ്‌ത്രക്രിയ കണ്ണുകള്‍ക്ക്‌ ഒരല്‍പം പ്രകാശം നല്‍കി. തുടര്‍ന്ന്‌ നടത്തിയ ചികിത്സകളൊന്നും ഫലം കണ്ടില്ല. ഒടുവില്‍ തുടര്‍ചികിത്സയുടെ ഭാഗമായി ഉള്ള കാഴ്‌ച ശക്തി നഷ്ടപ്പെട്ടേക്കാം എന്ന സ്ഥിതി വന്നതോടെ പരീക്ഷണങ്ങള്‍ വേണ്ടെന്നു വച്ചു. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ആദില പഠിച്ചത്‌ കൊളത്തറയിലെ അന്ധ വിദ്യാലയത്തിലാണ്‌. ഇവിടെ നിന്നും അതിവേഗം ബ്രെയിന്‍ ലിപിയും മറ്റ്‌ പഠനോപകരണങ്ങളുടെ ഉപയോഗവും ആദില പഠിച്ചു. 8 ാം ക്ലാസില്‍ കാട്ടിലങ്ങാടി ഗവണ്‍മെന്റ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എത്തിയതോടെ ആദിലയുടെ ജീവിതം മാറി മറിഞ്ഞു. കൂട്ടുകാരുടെയും അധ്യാപകരുടേയും സഹായവും പ്രചോദനം പഠന നിലവാരം മെച്ചപ്പെടുത്തിയെന്ന്‌ പറയുമ്പോള്‍ ആദിലയുടെ മുഖത്ത്‌ ആത്മവിശ്വാസത്തിന്റെ തിളക്കം.

പ്ലസ്‌ടുവിന്‌ സയന്‍സ്‌ എടുത്ത്‌ മുന്നോട്ട്‌ പോകണമെന്നാണ്‌ ആദിലയുടെ ആഗ്രഹം. ജീവിതപരീക്ഷണങ്ങളെ നാളിതുവരെ മറികടന്ന ആദിലയുടെ സ്വപ്‌നം ഫിസിക്‌സ്‌ അധ്യാപികയാകണം എന്നുളളതാണ്‌. പരാധീനതകള്‍ ഏറെയുണ്ടെങ്കിലും മകളുടെ സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണ്‌ പിതാവ്‌ വലിയകത്ത്‌ പുതിയഒറ്റയില്‍ ഇമ്പിച്ചിബാവയും മാതാവ്‌ സുഹറയും. ആദിലയുടെ കഴിവും ആത്മധൈര്യവും തിരിച്ചറിഞ്ഞ ഒരുകൂട്ടം സുമനസുകളും പിന്‍തുണയുമായി രംഗത്ത്‌ വന്നിട്ടുണ്ട്‌. ആദിലയുടെ മുഴുവന്‍ പഠനചെലവും വഹിക്കാന്‍ ഇവര്‍ ഒരുക്കമാണ്‌. തന്റെ സ്വപ്‌നത്തിലേക്കുള്ള പ്രയാണത്തിന്‌ കഠിന പരിശ്രമം ആദില ആരംഭിച്ചിട്ടുണ്ട്‌. അനിയത്തിയും കുഞ്ഞനിയനും പ്രാര്‍ത്ഥനയും പിന്‍തുണയുമായി തുണയുണ്ട്‌. ആദിലയുടെ ഇപ്പോഴത്തെ പ്രാര്‍ത്ഥന ഒന്നുമാത്രമാണ്‌. പുനര്‍ മൂല്യനിര്‍ണ്ണയ ഫലം പ്രതീക്ഷിച്ചതുപോലാകണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!