നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപെന്ന് ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപിനെതിരെ രഹസ്യ മൊഴി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നാണ് രഹസ്യമൊഴി. കേസിലെ ഏഴാം പ്രതിയായ ചാര്‍ളിയാണ് ദിലീപിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്.

പള്‍സര്‍ സുനി കുറച്ച് ദിവിസം ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ ഇരട്ടി സ്വദേശി ചാര്‍ളിയുടെ കോയമ്പത്തൂരിലെ വീട്ടിലാണ്. ഇവിടെ വെച്ച് പള്‍സര്‍ സുനി ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് ചാര്‍ളിയുടെ രഹസ്യമൊഴി. താന്‍ ഒരു പ്രശ്‌നത്തില്‍ പെട്ടിരിക്കുകയാണെന്നും കുറച്ച് ദിവസം ഒളിവില്‍ കഴിയാന്‍ സ്ഥലം കണ്ടെത്തി തരണമെന്നും ആവശ്യപ്പെട്ടാണ് പള്‍സര്‍ സുനി തന്നെ സമീച്ചത്. ഇതനുസരിച്ച് സുനിക്ക് താമസിക്കാന്‍ ഇടം നല്‍കി. ഇതിനിടെ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സുനി തന്നെ കാണിച്ചു. അപ്പോള്‍ ഉടന്‍ ഇവിടെ നിന്നും ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് ഇത് ദിലീപ് നല്‍കിയ ക്വട്ടേഷനാണെന്നും ഒന്നര കോടി ലഭിക്കുമെന്നും പള്‍സര്‍ സുനി പറഞ്ഞത്. നടിയെ ആക്രമിച്ച് ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ പണം ലഭിച്ചാല്‍ 10 ലക്ഷം രൂപ തരാമെന്നും സുനി തന്നോട് പറഞ്ഞുവെന്നും രഹസ്യമൊഴിയിലുണ്ട്.

ഫെബ്രുവരി 17 ശേഷം രണ്ടു ദിവസമാണ് പള്‍സര്‍ സുനിയും കൂട്ടാളി വിജീഷും കോയമ്പത്തൂരിലെ ചാര്‍ളിയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞത്. പിന്നീട് തന്റെ സുഹൃത്ത് സെല്‍വന്റെ ബൈക്ക് മോഷ്ടിച്ച് ഇരുവരും കടന്നുകളയുകയായിരുന്നെന്നും ചാര്‍ളി മൊഴി നല്‍കിയിട്ടുണ്ട്.

ദിലീപിനെതിരെ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന പോലീസിന് ലഭിച്ച നിര്‍ണായക തെളിവായിരിക്കുകയാണ് ചാര്‍ളിയുടെ രഹസ്യമൊഴി.