നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യംതേടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.  നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അപ്പുണ്ണിക്കുള്ള പങ്ക് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കേസിലെ ഗൂഢാലോചനയില്‍ അപ്പുണ്ണിക്കുള്ള പങ്കിനെ കുറിച്ച് ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അപ്പുണ്ണിയോട് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് പൊലീസ് അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടിലെത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഇയാളുടെ കൈവശമുള്ള ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആണ്.