നടിയെ ആക്രമിച്ച കേസ്;ദിലീപിന് ദൃശ്യങ്ങള്‍ നല്‍കില്ല

കൊച്ചി:നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി കോടതി തള്ളി. കൂടാതെ കേസിന്റെ വിചാരണ ജില്ലാ സെഷന്‍ കോടതിയിലേക്ക് മാറ്റാനും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചു.

ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് പുറത്തുപോകാനും നടിയെ അപകീര്‍ത്തിപ്പെടുത്താനും ഇടയാക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചാണ് ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് കോടതി വ്യക്തമാക്കിയത്.

ദൃശ്യങ്ങള്‍ കാണാന്‍ നേരത്തെ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു ദിലീപ് ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.