നടിയെ ആക്രമിച്ച കേസ്; സിസിടിവി ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സിസിടിവി ദൃശ്യങ്ങള്‍ ദിലീപിന് പോലീസിന് കൈമാറി. നടിയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. ഇതോടൊപ്പം രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ദിലീപിന് കൈമാറി.

അതേസമയം വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയില്‍ തീരുമാനമായില്ല. ഈ ഹര്‍ജി കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നേരത്തേ മറ്റൊരു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് എതിര്‍ക്കുകയായിരുന്നു. എന്നാല്‍ ദിലീപിന്റെ അഭിഭാഷകന് മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാന്‍ കോടതി അനുവദിച്ചിരുന്നു.

തുടര്‍ന്ന് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളും പോലീസിന്റെ പക്കലുള്ള മറ്റു തെളിവുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കാണിച്ച് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles