നടന്‍ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ്‌ മള്‍ട്ടിപ്ലക്‌സില്‍ വന്‍ മോഷണം

Untitled-1 copyതൃശൂര്‍: നടന്‍ ദിലീപിന്റെ അത്യാധുനിക സുരക്ഷാ ക്രീകരണങ്ങളോടെ ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന ഡി സിനിമാസ്‌ മള്‍ട്ടിപ്ലക്‌സ്‌ തിയ്യേറ്ററില്‍ വന്‍ മോഷണം. മൂന്ന്‌ ദിവസത്തെ കളക്ഷന്‍ തുക തട്ടിയെടുത്ത്‌ കടന്നു കളഞ്ഞത്‌ അന്യസംസ്ഥാന തൊഴിലാളിയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇയാള്‍ക്കായി പോലീസ്‌ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്‌.

അതീവ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്ന ഓഫീസ്‌ മുറി കുത്തിത്തുറന്നാണ്‌ മൂന്ന്‌ ദിവസത്തെ കളക്ഷന്‍ തുകയായ 6.82 ലക്ഷം കവര്‍ന്ന്‌ ബംഗാള്‍ സ്വദേശിയായ ജീവനക്കാരന്‍ കടന്നു കളഞ്ഞത്‌. ഇയാള്‍ എറണാകുളത്തെ റിക്രൂട്ടിങ്‌ ഏജന്‍സിവഴിയാണ്‌ ജോലി തരപ്പെടുത്തി മള്‍ട്ടിപ്ലക്‌സില്‍ ജീവനക്കാരനായെത്തുന്നത്‌. പ്രത്യേക സുരക്ഷാ കാര്‍ഡ്‌ ഉപയോഗിച്ചുമാത്രം തുറന്നു പ്രവേശിക്കാവുന്ന ഓഫീസ്‌ മുറിയില്‍ നിന്ന്‌ പണം നഷ്ടപ്പെട്ടത്‌ എല്ലാവരെയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്‌. സംഭവ സ്ഥലത്തെത്തിയ വിരലടയാളവിദഗ്‌ധരും പരിശോധന നടത്തി.

ഇന്നലെ രാവിലെ ജീവനക്കാരെത്തിയപ്പോഴാണ്‌ കവര്‍ച്ച നടന്ന കാര്യം അറിയുന്നത്‌. മിഥുന്‍ എന്ന ഈ ജീവനക്കാരന്‍ ഒഡീഷ സ്വദേശായാണെന്നായിരുന്നു തിയേറ്ററിലെ മറ്റ്‌ ജീവനക്കാരുടെ ധാരണ എന്നാല്‍ ഇയാളെ കാണാതായതോടെയാണ്‌ ബംഗാള്‍ സ്വദേശിയാണെന്ന്‌ കൂടെ ജോലിയെടുത്തിരുന്നവര്‍ പോലും അറിയുന്നത്‌. തിയേറ്റര്‍ കോംപ്ലക്‌സിലെ സിസിടിവി ക്യാമറയില്‍ മിഥുന്‍ മോഷണം നടത്തുന്നതായി ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്‌.

അന്യസംസ്ഥാന തൊഴിലാളികളെ മതിയായ രേഖകളില്ലാതെ പല ഏജന്‍സികളും ജോലിക്ക്‌ എത്തിക്കുന്നതായി പരാതികള്‍ വ്യാപകമാണ്‌. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉടന്‍ നടപിടയാരംഭിക്കുമെന്ന്‌ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.