ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി

231136_559562337404019_1128171849_n1ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി. ടീസ്ത സെതല്‍വാദിന്റെ ഹര്‍ജിയില്‍ ഉത്തരവുണ്ടാകുന്നത് വരെ അറസ്റ്റ് പാടില്ല എന്നാണ് പരമോന്നത കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ടീസ്ത സെതല്‍വാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി അനുവദിച്ചു.

ടീസ്തയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട ആവശ്യം എന്താണെന്നും സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ചോദിച്ചു. സാമൂഹ്യ പ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദിനെയും ഭര്‍ത്താവിനെയും തട്ടിപ്പുകാരായി ചിത്രീകരിക്കരുതെന്നും കോടതി പറഞ്ഞു. ടീസ്തയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം എന്താണ്. ഇത് വ്യക്തി സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമല്ലേയെന്നും ജസ്റ്റിസ് ദീപക് മിശ്ര, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങിയ ബഞ്ച് ആരാഞ്ഞു.

2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന മ്യൂസിയത്തിനായി സ്വീകരിച്ച സംഭാവനകളില്‍ തട്ടിപ്പ് നടത്തിയ കേസിലാണ് ഗുജറാത്ത് ക്രൈംബ്രാഞ്ച് ടീസ്ത സെതല്‍വാദിനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്. സാമ്പത്തിക തിരിമറി കേസില്‍ ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ടീസ്ത സുപ്രീം കോടതിയെ സമീപിച്ചത്.

അന്വേഷണവുമായി സഹകരിക്കണമെന്ന് ടീസ്തയോട് കോടതി ആവശ്യപ്പെട്ടു. മ്യൂസിയത്തിലേക്ക് ഫണ്ട് നല്‍കിയവരുടെ പട്ടിക സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ടീസ്ത സെതല്‍വാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചതോടെ ഗുജറാത്ത് ക്രൈംബ്രാഞ്ചിന് അവരെ തല്‍ക്കാലം അറസ്റ്റ് ചെയ്യാന്‍ കഴിയില്ല.