Section

malabari-logo-mobile

റോഡപകടം : ചികിത്സ നിഷേധിക്കുന്ന ഡോക്‌ടര്‍മാര്‍ക്കെതിരെ നടപടി

HIGHLIGHTS : റോഡപകടങ്ങളില്‍ ആശുപത്രിയിലെത്തിക്കുന്നവരെ ചികിത്സിക്കാന്‍ പൊതുമേഖലയിലെയോ സ്വകാര്യ മേഖലയിലെയോ ഡോക്‌ടര്‍മാര്‍ തയ്യാറാകാതിരുന്നാല്‍ അത്‌ കൃത്യവിലോപമായ...

doctorറോഡപകടങ്ങളില്‍ ആശുപത്രിയിലെത്തിക്കുന്നവരെ ചികിത്സിക്കാന്‍ പൊതുമേഖലയിലെയോ സ്വകാര്യ മേഖലയിലെയോ ഡോക്‌ടര്‍മാര്‍ തയ്യാറാകാതിരുന്നാല്‍ അത്‌ കൃത്യവിലോപമായി കണക്കാക്കി അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. റോഡപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച്‌ ആശുപത്രിയിലെത്തിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ പരിഹാരം കാണുന്നതിന്‌ കേന്ദ്ര-ഗതാഗത ദേശീയ പാതാ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ പശ്ചാത്തലത്തിലാണ്‌ ഉത്തരവ്‌. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന്‌ സംസ്ഥാന റോഡ്‌ സേഫ്‌റ്റി കമ്മീഷണര്‍ ഇത്‌ സംബന്ധിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവരുടെ വിലാസം ആശുപത്രിയില്‍ രേഖപ്പെടുത്തിയ ശേഷം ഉടന്‍ തന്നെ ആശുപത്രി വിടുന്നതിനുള്ള അനുമതി നല്‍കും. ഇങ്ങനെ ചെയ്യുന്നവരോട്‌ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. റോഡപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ പേരുവിവരങ്ങള്‍ അവര്‍ക്ക്‌ സമ്മതമാണെങ്കില്‍ മാത്രം രേഖപ്പെടുത്തിയാല്‍ മതി. സമ്മതമില്ലാതെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തുകയോ രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. രക്ഷാപ്രവര്‍ത്തകരെ ചോദ്യം ചെയ്യേണ്ടി വരികയാണെങ്കില്‍ അത്‌ മാന്യമായ രീതിയില്‍ ഒരിക്കല്‍ മാത്രമേ പാടുള്ളൂ. രക്ഷാപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന സാഹചര്യമൊഴിവാക്കുന്നതിനായി ഇത്‌ വീഡിയോയില്‍ രേഖപ്പെടുത്തേണ്ടതാണ്‌.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശ പ്രകാരം പൊതു-സ്വകാര്യ ആശുപത്രികള്‍ റോഡപകടങ്ങളില്‍ പെടുന്നവരെ അവരുടെ കുടുംബക്കാരോ ബന്ധുക്കളോ അല്ലാത്തവര്‍ ആശുപത്രിയില്‍ എത്തിക്കുകയാണെങ്കില്‍ അവരില്‍ നിന്ന്‌ യാതൊരു വിധത്തിലുള്ള പണവും ഈടാക്കാന്‍ പാടില്ല. പൊതു-സ്വകാര്യ ആശുപത്രികള്‍ ഉടന്‍ ചികിത്സ ലഭ്യമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
രക്ഷാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയാണെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങളും സ്ഥലം,സമയം,തിയ്യതി തുടങ്ങിയവയും ഉള്‍പ്പെടുത്തി ആശുപത്രികള്‍ സംസ്ഥാന ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന മാതൃകയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ സാക്ഷ്യപത്രം നല്‍കണം. ഈ നിര്‍ദ്ദേശങ്ങള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും എല്ലാ ആശുപത്രികളിലും പ്രദര്‍ശിപ്പിക്കണമെന്നും ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!