ദോഹയില്‍ കമ്പനി സ്ഥാപിക്കാനുള്ള അനുമതിക്കായി മൊബൈല്‍ ആപ്‌

Story dated:Monday February 22nd, 2016,02 47:pm
ads

Untitled-1 copyദോഹ: ലോകത്തിന്റെ ഏത്‌ ഭാഗത്തു നിന്നും മൊബൈല്‍ഫോണ്‍വഴി ദോഹയില്‍ കമ്പനി തുടങ്ങാന്‍ സാധ്യാമാകുന്ന ആപ്‌ളിക്കേഷന്‍ പുറത്തിറക്കി. സാമ്പത്തിക വാണിജ്യ മന്ത്രാലയമാണ്‌ ആന്‍ഡ്രോയിഡ്‌ ഫോണിലും ഐ ഫോണിലും ഉപയോഗിക്കാവുന്ന ആപ്‌ വഴി കമ്പനി സ്ഥാപിക്കാന്‍ സഹായകമായ ഓണ്‍ലൈന്‍ സേവനം ആരംഭിച്ചത്‌. ഇതുവഴി രാജ്യത്തിന്റെ വാണിജ്യ വ്യവസായ മേഖലയുടെ വികസനത്തിന്‌ ഗുണകരമാകുമെന്നാണ്‌ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

‘എംഇസി ഖത്തര്‍’ എന്ന്‌ പേരിട്ടിരിക്കുന്ന ഈ പുതിയ ആപ്ലിക്കേഷന്‍വഴി പുതുതായി ബിസിനസ്‌ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കായി ഏറ്റവും ലളിതമായ നടപടിക്രമങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തുടങ്ങാന്‍ പോകുന്ന കമ്പനിയുടെ ഏത്‌ വിഭാഗത്തില്‍പ്പെടുന്നു, ഉടമകളുടെ എണ്ണം, വ്യാപാര സംരംഭത്തിന്റെ പേര്‌ തുടങ്ങയ വിവരങ്ങളും ആവശ്യമായ രേഖകളും അറ്റാച്ച്‌ ചെയ്‌താണ്‌ അപേക്ഷിക്കേണ്ടത്‌. തുടര്‍ന്ന്‌ രശീത്‌ ലഭിക്കുകയും മന്ത്രാലയത്തിന്റെ ഒറ്റത്തവണയുള്ള സന്ദര്‍ശനത്തിലൂടെ കമ്പനി ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്യും.

വ്യാപാരികള്‍ക്ക്‌ മന്ത്രാലയവുമായി എളുപ്പത്തില്‍ ബന്ധപ്പെടുവാന്‍ കഴിയും. കൊമേഴ്‌ഷ്യല്‍ നെയിം രജിസ്റ്റര്‍ ചെയ്‌ത ശേഷമാണ്‌ ആപ്‌ളികേഷന്‍ ഉപയോഗിക്കേണ്ടത്‌. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ എസ്‌ എംഎസും കണ്‍ഫര്‍മേഷന്‍ ഇ മെയിലും ലഭിക്കും.