Section

malabari-logo-mobile

ടാക്‌സി ഡ്രൈവര്‍ മുഖ്യാതിഥിയായി വേറിട്ട വനിതാദിനാഘോഷം

HIGHLIGHTS : തിരുവനന്തപുരം: `അടുക്കളയ്‌ക്കപ്പുറം കണ്ടിട്ടില്ലായിരുന്ന ഞാന്‍ കേരളം മുഴുവന്‍ കണ്ടു. തമിഴ്‌നാടും കര്‍ണ്ണാടകവും ഒക്കെ കണ്ടു. പലനിലകളിലുള്ള ഒരുപാടുപേ...

world women's dayതിരുവനന്തപുരം: `അടുക്കളയ്‌ക്കപ്പുറം കണ്ടിട്ടില്ലായിരുന്ന ഞാന്‍ കേരളം മുഴുവന്‍ കണ്ടു. തമിഴ്‌നാടും കര്‍ണ്ണാടകവും ഒക്കെ കണ്ടു. പലനിലകളിലുള്ള ഒരുപാടുപേരെ പരിചയപ്പെട്ടു. സന്ധ്യകഴിഞ്ഞാന്‍ പുറത്തിറങ്ങാതിരുന്ന ഞാന്‍ രാത്രികളില്‍ ധീരമായി കാറോടിച്ചു. പുരുഷനു തുല്യമായ കൂലി കിട്ടുന്ന എനിക്ക്‌ കുടുംബത്തിലും നാട്ടിലും ഇന്ന്‌ അംഗീകാരമുണ്ട്‌. സ്വന്തമായ വരുമാനം എന്നത്‌ സ്‌ത്രീക്ക്‌ കരുത്തും ആത്മവിശ്വാസവും അംഗീകാരവുമാണ്‌.`
കേരളത്തിലെ ആദ്യ സ്‌ത്രീ ടാക്‌സി ഡ്രൈവര്‍മാരില്‍ ഒരാളായ അനിമോളുടെ വാക്കുകള്‍ വിസ്‌മയത്തോടും നിലയ്‌ക്കാത്ത കരഘോഷത്തോടുംകൂടി തിരുവനന്തപുരം സര്‍ക്കാര്‍ വനിതാക്കോളെജിലെ കുട്ടികള്‍ ഏറ്റുവാങ്ങി. കേരള വനിതാക്കമ്മിഷനും കോര്‍പ്പറേഷന്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനസമിതിയായ കോര്‍പ്‌ കിരണും വനിതാക്കോളെജ്‌ വിമന്‍ സെല്ലും ചേര്‍ന്നു സംഘടിപ്പിച്ച വനിതാദിനാഘോഷത്തിന്റെ ഉദ്‌ഘാടനച്ചടങ്ങായിരുന്നു വേദി.
‘തുല്യതയ്‌ക്കായി പ്രതിജ്ഞ ചെയ്യുക’ എന്ന മുദ്രാവാക്യവുമായി ആഘോഷിച്ച ലോകവനിതാദിനത്തില്‍ മുഖ്യാതിഥിയായി വന്ന ഷീ ടാക്‌സി ഡ്രൈവര്‍ അനിമോള്‍ വേതനതുല്യതയുടെ സ്വജീവിതാനുഭവം വനിതാദിനസന്ദേശമായി നല്‍കി. രാവിലെ 10ന്‌ വനിതാക്കോളെജ്‌ അസംബ്ലി ഹാളിലായിരുന്നു പരിപാടി.
തുടര്‍ന്ന്‌ വിദ്യാര്‍ത്ഥിനികള്‍ക്ക്‌ അനിമോള്‍ വനിതാദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിജ്ഞ പ്രദര്‍ശിപ്പിച്ച ബോര്‍ഡിനു മുന്നില്‍നിന്ന്‌ അവര്‍ സെല്‍ഫി എടുക്കുകയും ചെയ്‌തു. പ്രതിജ്ഞ ചൊല്ലി സെല്‍ഫി എടുത്ത്‌ സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രൊഫൈല്‍പ്പടമാക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ വനിതാക്കമ്മിഷന്റെ ക്യാമ്പയിന്‍.
അസമത്വം മറികടന്നവരുടെ മാതൃകകള്‍ ഉയര്‍ത്തിക്കാട്ടണം എന്ന യു.എന്‍. വിമന്റെ ആഹ്വാനപ്രകാരമാണ്‌ അനിമോളെ മുഖ്യാതിഥിയായി നിശ്ചയിച്ചത്‌. അസംഘടിതമേഖലയില്‍ തുല്യജോലിക്കു തുല്യവേതനം എന്നത്‌ ഇനിയും ആവശ്യം മാത്രമായി അവശേഷിക്കെ, ചെയ്യുന്ന ജോലിക്കു പുരുഷനു തുല്യമായ വേതനം വാങ്ങുന്ന സ്‌ത്രീത്തൊഴിലാളിയാണ്‌ അവര്‍.
കോര്‍പ്‌ കിരണ്‍ അംഗം പ്രതീക്ഷ മെശ്രാമിന്റെ അദ്ധ്യക്ഷതയില്‍ വനിതാക്കമ്മിഷന്‍ അംഗം ഡോ: ലിസി ജോസ്‌ ദിനാഘോഷം ഉദ്‌ഘാടനം ചെയ്‌തു. കമ്മിഷന്റെ ഷോര്‍ട്ട്‌ സ്റ്റേ ഹോമിലെ അന്തേവാസികളായ വിദ്യാര്‍ത്ഥിനികള്‍ക്കു കോര്‍പ്‌ കിരണ്‍ സംഭാവനചെയ്‌ത സ്റ്റഡി ടേബിളുകളുടെ തക്കോല്‍ സംഘടനയുടെ വൈസ്‌ പ്രസിഡന്റ്‌ ഗായത്രി ആര്‍. കാമത്ത്‌ കമ്മിഷന്റെ മെംബര്‍ സെക്രട്ടറി കെ. ഷൈലശ്രീക്കു കൈമാറി.
തുടര്‍ന്ന്‌ ഇന്ദിരാഗാന്ധി ഗവ: മെഡിക്കല്‍ കോളെജിലെ ഡോ. കല്‌പന ഗോപന്‍ ‘ലിംഗപരമായ അസമത്വവും ആരോഗ്യപ്രശ്‌നനങ്ങളും’ എന്ന പ്രഭാഷണം നടത്തി. കോളെജ്‌ പ്രിന്‍സിപ്പല്‍ ഡോ: ജെ. സുജാത, വിമന്‍സ്‌ സെല്‍ കണ്‍വീനര്‍ റ്റി.എസ്‌. രാജി, കോര്‍പ്‌ കിരണ്‍ സെക്രട്ടറി പ്രിയരഞ്‌ജിനി എന്നിവര്‍ ആശംസ നേര്‍ന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!