Section

malabari-logo-mobile

ഒഞ്ചിയം ഇനി എങ്ങോട്ട് ….?

HIGHLIGHTS : 'രാഷ്ട്രീയം ധനികന്റെ വിനോദമാകുകയും അത് ഓലമാടങ്ങള്‍ക്ക് തീ കൊളുത്തുകയും ചെയ്യുന്നു. ഇവിടെ മരിച്ച രക്തം നിലവിളിക്കുന്നു.

രാഷ്ട്രീയം ധനികന്റെ വിനോദമാകുകയും അത് ഓലമാടങ്ങള്‍ക്ക് തീ കൊളുത്തുകയും ചെയ്യുന്നു. ഇവിടെ മരിച്ച രക്തം നിലവിളിക്കുന്നു. ചരിത്രം ശ്വാസമടക്കി കാതോര്‍ത്തു നില്‍ക്കുന്നു ‘.

രക്തസാക്ഷിത്വം അപകടമരണമല്ല. കമ്മ്യൂണിസ്റ്റാവുക എന്നതിന് അപകടകരമായി ജീവിക്കുക എന്ന അര്‍ത്ഥം കൂടി ഉണ്ടെന്നതിന്റെ സാധൂകരണമാണത്.

sameeksha-malabarinews

ചന്ദ്രശേഖരന്റെ മരണം ദുരൂഹതകളില്ലാതെ തുറന്ന് കാട്ടുന്നത് യഥാര്‍ത്ഥത്തില്‍ ചന്ദ്രശേഖരന്റെ ജീവിതത്തെ കൂടിയാണ്, നടപ്പ് രീതികള്‍ക്ക് വഴങ്ങാതെ കേരളത്തിന്റെ ഭൂപടത്തില്‍ നെഞ്ചുയര്‍ത്തി നില്‍കുന്ന ഒരു രക്തസാക്ഷി ഗ്രാമത്തിന്റെ മിടിപ്പുകളെയാണ്. ഒഞ്ചിയം ഒരു നെരിപ്പോടുപോലെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടവുമായി ഇനിയും ഇണങ്ങി ചേര്‍ന്നിട്ടില്ലാത്ത വിധം മുനിഞ്ഞ് കത്തുകയാണ്.

പുറത്ത് പരാജയപ്പെട്ട നോവലിസ്റ്റുകളാണ് പത്രപ്രവര്‍ത്തകര്‍ എന്ന പരിഹാസത്തെ സാധൂകരിക്കും വിധം മുഖ്യധാരാമാധ്യമങ്ങള്‍ അപസര്‍പ്പകകഥകളില്‍ പതിവുപോലെ വ്യാപൃഥരാവുന്നു.

പണ്ട് മലബാറില്‍ ലീഗല്ലാത്തവര്‍ മരിച്ചാല്‍ സ്വര്‍ഗത്തില്‍ പോകില്ല എന്ന പ്രചരണം വ്യാപകമായിരുന്നു. സ്വര്‍ഗത്തിലേക്ക് പാസ്‌പോര്‍ട്ട് കൊടുക്കുന്ന ഏജന്‍സിയായി മുസ്ലിംലീഗ് നേതൃത്വം സ്വയം കല്പിച്ചിരുന്നു. ജന്മിത്വത്തിന്റെയും പ്രമാണിത്വത്തിന്റെയും ആനുകൂല്യത്തില്‍ നേടിയെടുത്ത ഈ ആധികാരികത്വം ‘ആഗോളവല്‍ക്കരണ കാലത്തെ സി.പി.ഐ.എം സെക്രട്ടറി ‘ സ്വയം കല്‍പ്പിക്കുന്നത് പ്രസ്താവനകളില്‍ മുഴങ്ങുന്നുണ്ട്. രക്തസാക്ഷിത്വത്തിന്റെ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ തുല്യം ചാര്‍ത്തേണ്ടവരെന്ന് സ്വയം കരുതുന്നവര്‍ മരണാനന്തര മര്യാദകള്‍ കൂടി മറക്കുന്നു എന്നത് പരിതാപകരമാണ്.

ചന്ദ്രശേഖരനെ നെയ്യാറ്റിന്‍ കരയിലെ പ്രചരണായുധമാക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ രാഷ്ട്രീയം ഒഞ്ചിയത്തെ സമരബോധമുള്ള ഒരു ജനതയുടെ വിട്ടുവീഴ്ച്ചയില്ലാ രാഷ്ട്രീയത്തെ മറച്ചുവെക്കുകയാണ് ചെയ്യുന്നത്. വലതുപക്ഷ രാഷ്ട്രീയം വെച്ച് നീട്ടിയ പ്രലോഭനങ്ങളെ പുറംകാല്‍കൊണ്ട് തൊഴിച്ചു തള്ളിയ ചന്ദ്രശേഖരന്റെ രാഷ്ട്രീയം അനാഥമായിക്കൂട.

പ്രായോഗിക രാഷ്ട്രീയത്തിന്റെ അംഗഗണിതങ്ങളില്‍ അടയിരിക്കുന്ന ‘ടെലിവിഷന്‍ നേതൃത്വ’ ത്തിന് ഒഞ്ചിയത്തിന്റെ മനസറിയണനെന്നില്ല.

വിട്ടുവീഴ്ച്ചകള്‍ക്കും, ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാകാതിരുന്ന ഒരു കമ്മ്യൂണിസ്റ്റ് ഗ്രാമത്തിന്റെ സമര സത്തയായ ഒഞ്ചിയം സമരസപ്പെടലിന്റെ സമകാലീന കേരള രാഷ്ട്രീയവുമായി ചെറുത്തുനില്‍ക്കുന്നത് എങ്ങിനെയായരിക്കുമെന്നതായിരിക്കും വരും ദിനങ്ങളില്‍ കാണുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!