ദോഹ: രാജ്യത്തെ മുഴുവന്‍ വിദ്യാലയങ്ങളും മധ്യവേനലവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷത്തിനായി ഈ മാസം 10ന് തുറക്കുമെന്ന് വിദ്യാഭ്യാസ സുപ്രിം കൗണ്‍സില്‍ അറിയിച്ചു. രാജ്യത്തെ 450ലധികം സര്‍ക്കാര്‍, സ്വതന്ത്ര, സ്വകാര്യ, പ്രവാസി സ്കൂളുകളിലെ രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് വീണ്ടും വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുന്നത്. സ്വദേശി വിദ്യാലയങ്ങള്‍ക്ക് ഇത് അധ്യയന വര്‍ഷത്തിന്റെ ആരംഭമാവുമ്പോള്‍ പ്രവാസി സ്കൂളുകള്‍ക്ക് അധ്യയന വര്‍ഷത്തിന്റെ ഇടയ്ക്കു ലഭിച്ച നീണ്ട മധ്യവേനലവധിക്കു ശേഷമുള്ള തുടര്‍ച്ചയാണ്. രാജ്യത്തെ മുഴുവന്‍ സ്കൂളുകളുടേയും അവധികള്‍ ഏകീകരിച്ചതോടെയാണ് വിദ്യാലയങ്ങള്‍ ഓരേ സമയം തുറക്കുന്ന രീതി നിലവില്‍ വന്നത്. മുന്‍വര്‍ഷങ്ങളിലെ പന്നിപ്പനി പോലുള്ള പകര്‍ച്ച വ്യാധികള്‍ സൃഷ്ടിച്ച ഭീഷണികളൊന്നുമില്ലാതെ തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ് ഇത്തവണ വിദ്യാഭ്യാസ വര്‍ഷം ആരംഭിക്കുന്നത്.എല്ലാ സ്കൂളുകളിലും അധ്യയനം 10നാണ് ആരംഭിക്കുന്നതെങ്കിലും സ്കൂള്‍ ഓഫീസുകള്‍ നേരത്തെ തന്നെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അധ്യാപകര്‍ ഈ മാസം എട്ട് മുതല്‍ സ്കൂളുകളില്‍ ഹാജരാവും. ഖത്തറി വിദ്യാര്‍ഥികള്‍ക്കായി സ്കൂള്‍ ഫീസും മറ്റും നല്കുന്ന എജ്യുക്കേഷന്‍ കൂപ്പണുകളുടെ വിതരണം പുരോഗമിക്കുകയാണ്. ഈ സമ്പ്രദായത്തിലൂടെ ഒരു വിദ്യാര്‍ഥിക്കു ലഭിക്കുന്നത് പ്രതിവര്‍ഷം 28,000 റിയാലിന്റെ ആനുകൂല്യങ്ങളാണ്.
മുഴുവന്‍ ഇന്‍ഡിപെന്‍ഡന്റ് സ്കൂളുകളിലും വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി വിദ്യാഭ്യാസ സുപ്രിം കൗണ്‍സില്‍ അറിയിച്ചു. 12,863 വിദ്യാര്‍ഥികളാണ് ഓണ്‍ലൈനായി രജിസ്ട്രേഷന് നടത്തിയത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാധാരണ അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ ഇല്ലാതാക്കി. ഇതു വരെ രജിസ്ട്രേഷന് ചെയ്യാത്തവര്‍ക്ക് ഈ മാസം 15 വരെ സമയം നീട്ടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ സുപ്രിം കൗണ്‍സില്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ ജയിച്ചതനുസരിച്ച് അവരുടെ താമസ സ്ഥലത്തിനടുത്തുള്ള ഉയര്‍ന്ന ക്ലാസുകളുള്ള സ്കൂളുകളില്‍ പ്രവേശനം നല്‍കിയിട്ടുണ്ട്. മാറ്റങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള അവസരവും ലഭ്യമാക്കിയിട്ടുണ്ട്. പ്രവേശനം സംബന്ധിച്ച പരാതികള്‍ക്ക് 48 മണിക്കൂറിനകം പരിഹാരം ലഭ്യമാക്കാനുള്ള സൗകര്യങ്ങളും കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷവും പുതിയ സ്കൂളുകളും കിന്റര്ഗാര്ടണുകളും തുറന്നത് വിദ്യാഥി പ്രവേശനത്തിന് ഏറെ അനുഗ്രഹമായി. വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ സൗകര്യവും എല്ലാ സ്കൂളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ പുതിയ ഹൈടെക് ബസുകള്‍ കൂടി മുവാസലാത്ത് ഇറക്കിയതോടെ 1,700 ബസുകള്‍ വിദ്യാലയങ്ങളുടെ ആവശ്യത്തിന് ലഭിക്കും. സ്കൂള്‍ തുറക്കുന്നതു പ്രമാണിച്ച് നഗരത്തില്‍ ഉണ്ടാകുന്ന കടുത്ത തിരക്ക് പരിഗണിച്ച് കൂടുതല്‍ പൊലീസ് വിഭാഗങ്ങളെ ഗതാഗതം നിയന്ത്രിക്കാനായി നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വിദ്യാലയങ്ങള്‍ തുറക്കുന്നതു പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പഠനോപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. പുസ്തകങ്ങള്‍ പേനകള്‍, പെന്സിലുകള് മറ്റു സ്റ്റേഷനറി സാധനങ്ങള്‍, ബാഗുകള്‍, യൂണിഫോം എന്നിവയ്ക്കാണ് കടുത്ത ഡിമാന്റുള്ളത്. ഇതു ലക്ഷ്യമാക്കി പ്രമുഖ സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും ബാക്ക് ടു സ്കൂള്‍ പ്രമോഷനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വര്‍ഷവും കുട്ടികളെ ആകര്‍ഷിക്കാന്‍ പുതിയ രൂപത്തിലും ഭാവത്തിലുമുള്ള ബാഗുകളും പെന്സിലുകളും പുസ്തകങ്ങളുമൊക്കെ വിപണിയിലെത്തിയിട്ടുണ്ട്. രക്ഷിതാക്കളുടെ പോക്കറ്റിനനുസരിച്ച് പല നിലവാരത്തിലും വിലയിലുമുള്ള സാധനങ്ങള്‍ വിപണിയില്‍ സുലഭമാണ്. ശരാശരി ഒരു കുട്ടിക്ക് വേണ്ട പഠനോപകരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും കുറഞ്ഞത് 500 റിയാല്‍ വരെ വേണ്ടി വരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. യൂണിഫോമിനും ഇത്രയും തുക ചെലവാകുന്നുണ്ട്. കൂടുതല്‍ കുട്ടികള്‍ ഉള്ള രക്ഷിതാക്കള്‍ക്ക് ഇത് കടുത്ത സാമ്പത്തിക പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളും സ്കൂള്‍ വിപണിയില്‍ കാര്യമായ തോതിലുള്ളതാണ് സാധാരണക്കാര്‍ക്ക് അനുഗ്രഹമാകുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



