മദ്യലോബി താനൂരിനെ പിടിമുറുക്കുന്നു

 

താനൂര്‍: താനൂരിന്റെ വിവിധ മേഖലകളില്‍ മദ്യ-മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനം ശക്തമാകുന്നു. ശനിയാഴ്ച പുലര്‍ച്ചെ 4.30ഓടെ മാധ്യമ പ്രവര്‍ത്തകന് നേരെ കൈയേറ്റം നടത്തുന്നതിനും മദ്യമാഫിയ ലോബി മുതിര്‍ന്നു. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മദ്യ-മയക്കുമരുന്നുകള്‍ക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ആഘോഷ ദിവസങ്ങളില്‍ ലഹരിയുടെ വ്യാപക വിപണനം ലക്ഷ്യമിട്ട് മദ്യമാഫിയയുടെ ഭീഷണികള്‍.

റെയില്‍വെ സ്റ്റേഷന്‍ പരിസരം, താനൂര്‍ അങ്ങാടി, കാട്ടിലങ്ങാടി, പനങ്ങാട്ടൂര്‍, ചിറക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വലിയതോതില്‍ അനധികൃത മദ്യവില്‍പ്പനയും കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ വിതരണവും അരങ്ങുതകര്‍ക്കുന്നത്. താനൂരിലെ സ്ഥിരം വില്‍പ്പനക്കാര്‍ക്ക് പുറമെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തുന്നവരാണ് കൈമാറ്റത്തിനുള്ള കണ്ണികളായി മാറുന്നത്. പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണ് വെട്ടിച്ചു വില്‍പ്പന നടത്തുന്ന ഇവര്‍ക്കു ഉന്നതരുടെ സഹായം ലഭിക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

മാഹിയില്‍ നിന്നും കുറഞ്ഞ വിലക്ക് പാസഞ്ചര്‍ തീവണ്ടി വഴി താനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തുന്ന മദ്യവിതരണത്തിന് നേതൃത്വം നല്‍കുന്നവരാണ് ശനിയാഴ്ച പുലര്‍ച്ചയോടെ ‘മംഗളം’ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറും വിവിധ പത്രങ്ങളുടെ ഏജന്റുമായ പി പ്രേമനാഥനെ കൈയേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചത്.

 

Share news
error: Content is protected !!
Scroll to Top