ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച് 36 പേര്‍ ആശുപത്രിയില്‍

എടവണ്ണപ്പാറ: എടവണ്ണപ്പാറയിലെ ‘വൈറ്റമിന്‍’ ഹോട്ടലില്‍ നിന്ന് ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. 36 പേരെയാണ് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച 8 മണി മുതല്‍ ഈ ഹോട്ടലില്‍ നിന്നും ബ്രോസ്റ്റ് കഴിച്ച എല്ലാവര്‍ക്കും ദേഹാസ്വാസ്ഥ്യവും വയറിളക്കവും, പനിയും ഛര്‍ദ്ദിയും ഉണ്ടായി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് കണ്ടെത്തിയിരുന്നു.

ഇവിടത്തെ കോഴിയിറച്ചിയുടെ സാമ്പിള്‍ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് അധീകൃതര്‍ കോഴിക്കോട് ലാബിലേക്ക് അയച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഈ സ്ഥാപനം അടച്ചിടാന്‍ പഞ്ചായത്ത് നോട്ടീസ് നല്കി. രണ്ടാഴ്ച മുമ്പാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രാമ പഞ്ചായത്താണ് ഹോട്ടലിന് ലൈസന്‍സ് നല്‍കേണ്ടത്. എന്നാല്‍ ലൈസന്‍സിനായി ഉടമകള്‍ പഞ്ചായത്തില്‍ ബന്ധപ്പെട്ടിരുന്നില്ലെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. കൂടാതെ സാനിറ്ററി സര്‍ട്ടിഫിക്കറ്റും ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റും ഹോട്ടല്‍ നേടിയിട്ടില്ല.

ഭക്ഷ്യ വിഷബാധ ഉണ്ടായതിനെതുടര്‍ന്ന് വെള്ളിയാഴ്ച ആരോഗ്യ വകുപ്പ് അധികൃതര്‍ കടയില്‍ പരിശോധന നടത്തി പഴയ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിഷബാധ സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ല ഫുഡ് സേഫ്റ്റി ഓഫീസര്‍ എന്‍ ഹലീലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരപ്പനങ്ങാടി സര്‍ക്കിള്‍ ഓഫീസര്‍ കെ എസ് ജനാര്‍ദ്ദനന്‍, മഞ്ചേരി സര്‍ക്കിള്‍ ഓഫീസര്‍ സിഎ ജനാര്‍ദ്ദനന്‍, മലപ്പുറം സര്‍ക്കിള്‍ ഓഫീസര്‍ ബി മധുസൂദനന്‍ എന്നിവര്‍ ചേര്‍ന്നാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്.

 

Share news
error: Content is protected !!
Scroll to Top