കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി അദ്ധ്യാപകനായ പത്താം ക്ലാസുകാരന്‍ പിടിയില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വ്യാജ വിരുദ്ധ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി ജോലി തട്ടിയെടുത്ത യുവാവ് പിടിയില്‍. വളാഞ്ചേരി ഇരുമ്പിളിയം വലിയ കുന്ന് കോട്ടപ്പുറം പുല്ലാനികാട്ട് മധു (39) ആണ് അറസ്റ്റിലായത്. കാലികറ്റ് സര്‍വ്വകലാശാലയുടെ ബി എ, എം എ, ബിഎഡ്(മലയാളം) സര്‍ട്ടിഫിക്കറ്റുകള്‍, മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വ്യാജമായി സംഘടിപ്പിച്ച ഇയാള്‍ കോട്ടക്കല്‍ വിദ്യാഭവന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ ജോലി ചെയ്ത് വരികയായിരുന്നു. തേഞ്ഞിപ്പലം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വളാഞ്ചേരിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

വിദ്യാഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റി അംഗത്തിന്റെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. 2012 ജൂണ്‍ മുതലാണ് ഇയാള്‍ കോട്ടക്കല്‍ വിദ്യാഭവന്‍ ഹൈസ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോസ്റ്റാറ്റ് പതിപ്പ് ഹാജരാക്കിയാണ് ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കത്തതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ സൊസൈറ്റി അംഗം അനേ്വഷണം ആരംഭിച്ചത്. അനേ്വഷണം ആരംഭിക്കുകയും ഇയാളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച് ലഭിച്ച മറുപടിയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞത്.

ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാലികറ്റ് സര്‍വ്വകലാശാലയിലെ അന്നത്തെ താല്‍ക്കാലിക രജിസ്ട്രാറായിരുന്ന ഡോ. എംവി ജോസഫാണ് തേഞ്ഞിപ്പലം പോലീസിന് പരാതി നല്‍കിയത്.

പാലക്കാട്ടെ വിദ്യാപീഠം സ്‌കൂളില്‍ കായികാദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടയിലാണ് മധു സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തിയത്. ഈ സംഭവത്തിന്റെ പശ്ചാതലത്തില്‍ പാലക്കാട്, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച് തുടര്‍ അനേ്വഷണം നടത്തണമെന്നും തേഞ്ഞിപ്പലം എസ്‌ഐ പി മനോഹരന്‍ പറഞ്ഞു. ഇയാളെഴുതി സംഗീതം പകര്‍ന്ന ഭക്തി ഗാന സിഡികളും സര്‍ട്ടിഫിക്കറ്റ് കോപ്പികളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി തെളിവെടുപ്പിനും കൂടുതല്‍ അനേ്വഷണത്തിനുമായി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് തീരുമാനം. അനേ്വഷണ സംഘത്തില്‍ എസ്‌ഐക്ക് പുറമെ സീനിയര്‍ പോലീസ് ഓഫീസര്‍ കെ സന്തോഷ്, കെ മുഹമ്മദ് ജലീല്‍, കെ ശിഹാബ്, എം റുക്‌സാന എന്നിവരും ഉണ്ടായിരുന്നു.

 

Share news
error: Content is protected !!
Scroll to Top