Section

malabari-logo-mobile

ജില്ലാ പഞ്ചായത്തിന്റെ സോഷ്യല്‍ ഇന്റേണ്‍ഷിപ്പിന് ജൂലൈ 30 വരെ അപേക്ഷിക്കാം

HIGHLIGHTS : You can apply for Social Internship of Zilla Panchayat till 30th July

ജില്ലയില്‍ 2021 ലോ അതിന് ശേഷമോ പഠനം പൂര്‍ത്തിയാക്കിയ  ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക്  ആറുമാസക്കാലം സര്‍ക്കാര്‍,  സര്‍ക്കാറിതര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജില്ലാ പഞ്ചായത്ത് ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുന്നു. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു ആശയം നടപ്പിലാക്കുന്ന ആദ്യത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനമാവുകയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക  നടപടികള്‍ പൂര്‍ത്തിയായി. നേരത്തെ വിദേശ രാജ്യങ്ങളില്‍ മാത്രം നടന്നു വന്നിരുന്ന ഈ പദ്ധതി ജില്ലയിലും നടപ്പിലാക്കുന്നതിലൂടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ പ്രൊഫഷനല്‍ സ്‌കില്ലും തൊഴില്‍ ആഭിമുഖ്യവും വര്‍ധിപ്പിക്കുവാനും ബന്ധപ്പെട്ട മേഖലയില്‍ മികച്ച ഉദ്യോഗാര്‍ഥികളെ സൃഷ്ടിച്ചെടുക്കാനും കഴിയും.  വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ വിവിധ തൊഴില്‍ മേഖലകള്‍ കൃത്യമായി പരിചയപ്പെടാനും തൊഴില്‍ പരിശീലനം നേടാനും കഴിയുന്നതാണ് സോഷ്യല്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാം.
കഴിഞ്ഞ മാസം നിലമ്പൂരില്‍ ജില്ലാ പഞ്ചായത്ത് നടത്തിയ ‘ഉദ്യോഗ് മലപ്പുറം’ ജോബ് ഫെയറില്‍  ഉദ്യോഗാര്‍ഥികളുടെയും കമ്പനികളുടെയും പങ്കാളിത്തവും അവരില്‍ നിന്ന് ലഭിച്ച ഫീഡ് ബാക്കുമാണ് ഉത്തരമൊരു  ആശയത്തിലേക്ക് ജില്ലാ പഞ്ചായത്തിനെ എത്തിച്ചത്. പഠനം കഴിഞ്ഞിറങ്ങുന്ന ഉടന്‍ തന്നെ താത്പര്യമുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ ഓഫീസിലോ സ്വകാര്യ സ്ഥാപനങ്ങളിലോ തൊഴില്‍ പരിചയം നേടുന്നതിന് അവസരം ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ സവിശേഷത. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥക്ക് പരിഹാരം കാണുന്നതിനും സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ  ഉദ്യോഗ രംഗത്തും സേവന രംഗത്തും ഗുണകരവും കാര്യക്ഷമാവുമായ മാറ്റം ഉണ്ടാക്കുന്നതിനും ഇത് വഴി സാധിക്കും.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഏറെ ഗുണകരമാകുന്ന രീതിയില്‍ യുവാക്കളുടെ  കര്‍മ്മശേഷിയും ചിന്താ ശേഷിയും വിനിയോഗിക്കാന്‍ കഴിയുന്നു എന്നത് പദ്ധതിയുടെ വലിയ പ്രത്യേകതയും പ്രതീക്ഷയുമാണ്. സ്വകാര്യ മേഖലക്ക് കൂടി ആവശ്യമായ മനുഷ്യ വിഭവ ശേഷി നല്‍കുന്നതിലൂടെ ഇന്റേണ്‍ഷിപ്പ് നേടുന്ന പരിശീലനാര്‍ഥികള്‍ക്ക് കൂടുതല്‍ തൊഴില്‍ നൈപുണ്യം നേടാനും വ്യക്തിഗത മികവ് ആര്‍ജ്ജിക്കാനും കഴിയും. റവന്യൂ ഓഫീസുകള്‍, ഗ്രാമപഞ്ചായത്ത് ഓഫീസ്,  കൃഷി ഭവന്‍, പൊതുമരാമത്ത് കാര്യാലയങ്ങള്‍, സ്‌കൂളുകള്‍, പൊലീസ് സ്റ്റേഷന്‍ തുടങ്ങിയ എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തിലാണ് ഇന്റേണ്‍ഷിപ്.
പി. ജി, യു.ജി, പ്രൊഫഷണല്‍ ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ അലൈഡ് ഹെല്‍ത്ത് ആന്‍ഡ് പാരാ മെഡിക്കല്‍ കോഴ്‌സ് തുടങ്ങിയ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ജില്ലയിലെ സ്ഥിര താമസക്കാരായ ഏതു വിദ്യാര്‍ഥികള്‍ക്കും ഈ പ്രോഗ്രാമില്‍ ചേരാന്‍ കഴിയും. ഇന്റേണ്‍ഷിപ്പിന് ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പേരും വിവരങ്ങളും https://bit.ly/Social_Internship_Malappuram എന്ന ഓണ്‍ലൈന്‍ ലിങ്ക് വഴിയോ ഇതോടൊപ്പം കാണുന്ന ക്യു. ആര്‍. കോഡ് വഴിയോ ജൂലൈ 30 നകം പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം എന്നിവര്‍ അറിയിച്ചു. ഫോണ്‍: 7012007200.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!