സ്ത്രീകള്‍ ഇരട്ട ചൂഷണത്തിന് വിധേയരാകുന്നു: മുഖ്യമന്ത്രി 

തിരുവനന്തപുരം: സാര്‍വ്വദേശീയതലത്തില്‍ വര്‍ധിച്ചുവരുന്ന വിവിധ അസമത്വങ്ങള്‍ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത് സ്ത്രീകളെയാണെന്നും അവര്‍ ഇരട്ട ചൂഷണത്തിന് വിധേയരാകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളികള്‍ എന്ന നിലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പൊതുചൂഷണത്തിനു പുറമേ സ്ത്രീകളാണ് എന്നതുകൊണ്ടുമാത്രം വിവേചനങ്ങളും ചൂഷണങ്ങളും നേരിടേണ്ടിവരുന്നുണ്ട്. ലോകത്തെ തൊഴിലെടുക്കുന്നവരില്‍ മൂന്നില്‍ ഒരു ഭാഗം സ്ത്രീകളാണ്. ആകെ വിനിയോഗിക്കുന്ന അധ്വാനത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും സ്ത്രീകളുടേതാണ്. എന്നാല്‍, ആകെ വിതരണം ചെയ്യുന്ന കൂലിയുടെ പത്തിലൊന്നുമാത്രമാണ് സ്ത്രീകള്‍ക്കു ലഭിക്കുന്നത്. ചൂഷണത്തിന്റെയും വിവേചനത്തിന്റെയും ആഴം ഇതിലൂടെ വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനം സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകത്ത് ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകളുടെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ ചരിത്രവും വര്‍ത്തമാനകാല പ്രസക്തിയും ഓര്‍മിപ്പിക്കുന്ന ദിനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു നൂറ്റാണ്ടിനുമുമ്പാണ് മെച്ചപ്പെട്ട കൂലിക്കും തുല്യമായ തൊഴിലവകാശങ്ങള്‍ക്കും വേണ്ടി വിവിധ രാജ്യങ്ങളിലെ സ്ത്രീകള്‍ സമരം ചെയ്തത്. ചിക്കാഗോയില്‍ പതിനയ്യായിരത്തിലധികം സ്ത്രീകള്‍ അണിനിരന്ന പ്രകടനമായിരുന്നു ശ്രദ്ധേയം. അന്ന് അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ലോകത്ത് ഒരു നൂറ്റാണ്ടിനിപ്പുറവും നിറവേറ്റപ്പെട്ടിട്ടില്ല. പകരം സ്ത്രീകള്‍ക്കുനേരെ വിവേചനങ്ങളും ആക്രമണങ്ങളും ചൂഷണവും വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് സാര്‍വ്വദേശീയ വനിതാദിനം കൂടുതല്‍ പ്രസക്തമാകുന്നത്.

ഐക്യരാഷ്ട്രസംഘടന ഇത്തവണ മുന്നോട്ടുവെയ്ക്കുന്ന മുദ്രാവാക്യം,’ഇതാണ് സമയം എന്നാണ്. സ്ത്രീജീവിതം മെച്ചപ്പെടാതെ മനുഷ്യസമൂഹത്തിന് മുന്നോട്ടുപോകാനാവില്ലെന്നത് ലളിതമായ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, മുതലാളിത്തത്തിന്റെ അത്യാര്‍ത്തി എല്ലാ മേഖലയിലുമെന്നപോലെ സ്ത്രീ ജീവിതത്തിനുമേലും കടുത്ത ആഘാതങ്ങള്‍ ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്നു.

നമ്മുടെ രാജ്യത്താകട്ടെ സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. സ്ത്രീജീവിതം സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഡല്‍ഹി തുടര്‍ച്ചയായ ബലാല്‍സംഗ വാര്‍ത്തകളുടെ മുഖ്യകേന്ദ്രമായി മാറിയിട്ട് കുറച്ചുകാലമായി. എന്നാല്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാനായി നിലവിലുണ്ടായിരുന്ന പദ്ധതികളില്‍നിന്നുതന്നെ പിന്നോട്ടുപോകുകയാണ് കേന്ദ്രസര്‍ക്കാര്‍. സ്ത്രീസുരക്ഷക്ക് വകയിരുത്തിയിരുന്ന 1000 കോടി രൂപ 2016-17ല്‍ കേന്ദ്രസര്‍ക്കാര്‍ 300 കോടിയായി വെട്ടിക്കുറച്ചു. 2017-18ലും അതില്‍ വര്‍ദ്ധനവരുത്താന്‍ തയാറായില്ല. ഇപ്പോള്‍ 359 കോടിയായി വര്‍ധിപ്പിച്ചു. ഇതാണ് സ്ത്രീ സുരക്ഷയോടുള്ള സമീപനം. ‘ബേഠി ബച്ചാവോ, ബേഠീ സിഖാവോ’ തുടങ്ങി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചതല്ലാതെ ആവശ്യത്തിന് പണം വകയിരുത്താനോ വകയിരുത്തിയ പണം ചെലവഴിച്ചെന്ന് ഉറപ്പുവരുത്താനോ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന മതനിരപേക്ഷ-ജനാധിപത്യമൂല്യങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മതാധിഷ്ഠിതമൂല്യങ്ങള്‍ക്ക് ഭരണസംവിധാനത്തില്‍ ഇടം നല്‍കാന്‍ ശ്രമിക്കുകയാണ്. ഇത് ഇന്ത്യയുടെ ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കലാണ്. സ്ത്രീജീവിതത്തെ നൂറ്റാണ്ടുകള്‍ക്കു പിറകിലേക്ക് പിന്‍വലിക്കാനാണ് ശ്രമം. മനുസ്മൃതിയുടെ ഉള്ളടക്കം ഭരണഘടനയില്‍ ചേര്‍ക്കാനുള്ള നീക്കം നടക്കുന്നു. സ്ത്രീകളെ മനുഷ്യരായി പരിഗണിക്കാത്ത നീതിശാസ്ത്രമാണത്. നമ്മുടേത് ജനാധിപത്യരാഷ്ട്രമാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിലും സാമൂഹ്യനവീകരണപ്രസ്ഥാനത്തിലും നേതൃത്വപരമായ പങ്കുവഹിച്ചവരാണ് സ്ത്രീകള്‍. സ്ത്രീകളെ തുല്യരായി പരിഗണിക്കണം. തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ സ്ത്രീകള്‍ തുല്യപങ്കാളികളാവണം. പാര്‍ലമെന്റിലും നിയമസഭയിലും സംവരണം വേണമെന്ന ആവശ്യം ഇതിന്റെ ഭാഗമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അന്‍പതുശതമാനം വനിതാസംവരണം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ട് രാജ്യത്തിനു മാതൃകയാവുന്ന സംസ്ഥാനമാണ് കേരളം. സമൂഹത്തിന്റെ പൊതുഅവസ്ഥയെന്നപോലെ സ്ത്രീജീവിതാവസ്ഥയിലും ഇന്ത്യയില്‍ മെച്ചപ്പെട്ട നില തുടര്‍ന്നുവരുന്ന സംസ്ഥാനമാണ് നമ്മുടേത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക്, ഏറ്റവും കുറഞ്ഞ മാതൃമരണനിരക്ക്, ഏറ്റവും ഉയര്‍ന്ന സ്ത്രീസാക്ഷരത, ജനസംഖ്യയില്‍ പുരുഷന്മാരെക്കാളധികം സ്ത്രീകള്‍, ആയുര്‍ദൈര്‍ഘ്യത്തില്‍ പുരുഷന്മാരെക്കാള്‍ മുന്നില്‍ സ്ത്രീകള്‍ തുടങ്ങി സ്ത്രീകള്‍ക്കനുകൂലമായ നിരവധി ഘടകങ്ങള്‍ കേരളത്തിലുണ്ട്.

ഇതെല്ലാംതന്നെ നവോത്ഥാനപ്രസ്ഥാനത്തിന്റെയും അതിന്റെ തുടര്‍ച്ചയില്‍ രൂപപ്പെട്ട തൊഴിലാളിപ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനഫലമായുണ്ടായതാണ്. കേരള സമൂഹത്തിനാകെ ആര്‍ജിക്കാനായ നവോത്ഥാനമൂല്യബോധത്തെ മുന്നോട്ടുകൊണ്ടുപോകാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു നവകേരളമാണ് ലക്ഷ്യമാക്കുന്നത്. അതിന്റെ ഭാഗമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ വിഭാഗങ്ങളെയും മുഖ്യധാരയില്‍ എത്തിക്കാനും ആധുനിക കേരള നിര്‍മിതിയില്‍ പങ്കാളികളാക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാല്‍ മാത്രമേ സമൂഹ പുരോഗതിയുണ്ടാകുകയുള്ളൂവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് സധൈര്യം മുന്നോട്ട് പോകാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതിനായി രാഷ്ട്രീയ മത ജാതി ചിന്തകള്‍ക്കതീതമായി എല്ലാവരുടേയും പിന്തുണ ആവശ്യമാണ്. സ്ത്രീ സമത്വത്തിന് വേണ്ടി സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. എല്ലാവരും പരസ്പരം ബഹുമാനിക്കണം. ഒരു പെണ്‍കുട്ടി പോലും അപമാനിക്കപ്പെടാത്ത അവസ്ഥ ഉണ്ടാക്കുന്നതുവരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണമെ ന്നും മന്ത്രി വ്യക്തമാക്കി.

വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചതിനു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര വനിതാദിനാചരണമാണിത്. ‘സധൈര്യം മുന്നോട്ട്’ എന്ന പേരില്‍ മാര്‍ച്ച് 8 മുതല്‍ 14 വരെ വിപുലമായ രീതിയില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളും കേരളത്തിലെ എല്ലാ വനിതാ സംഘടനകളും ഒന്നായി ചേര്‍ന്നാണ് ഈ വര്‍ഷത്തെ വനിതാ ദിനാചരണം സംഘടിപ്പിക്കുന്നത് ഇതോടൊപ്പം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജെന്‍ഡര്‍ സാക്ഷരതാ യജ്ഞത്തിനും തുടക്കം കുറിച്ചു.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകള്‍ക്കുള്ള 2017ലെ വനിതാരത്‌ന പുരസ്‌കാരവും ഇതോടൊപ്പം വിതരണം ചെയ്തു. 3 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അക്കമ്മാ ചെറിയാന്‍ അവാര്‍ഡ് മേരി എസ്തപ്പാന്‍, വിദ്യാഭ്യാസ രംഗത്തെ ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ് ലളിത സദാശിവന്‍, സാഹിത്യ രംഗത്തെ കമലാ സുരയ്യ അവാര്‍ഡ് ഡോ. കെ.പി. സുധീര, ഭരണരംഗത്തെ റാണി ലക്ഷ്മിഭായ് അവാര്‍ഡ് ജഗദമ്മ ടീച്ചര്‍, ശാസ്ത്ര രംഗത്തെ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് ഡോ. മിനി എം, കലാരംഗത്തെ മൃണാളിനി സാരാഭായി അവാര്‍ഡ് മാലതി ജി. മേനോന്‍, ആരോഗ്യ രംഗത്തെ മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ് കെ. ശര്‍മ്മിള, മാധ്യമ രംഗത്തെ ആനി തയ്യില്‍ അവാര്‍ഡ് കൃഷ്ണകുമാരി എ, കായികരംഗത്തെ കുട്ടിമാളു അമ്മ അവാര്‍ഡ് ബെറ്റി ജോസഫ്, അഭിനയരംഗത്തെ സുകുമാരി അവാര്‍ഡ് രജിത മധു, വനിതാ ശാക്തീകരണ മേഖലയിലെ ആനി മസ്‌ക്രിന്‍ അവാര്‍ഡ് രാധാമണി ടി. എന്നിവര്‍ ഏറ്റുവാങ്ങി.

ഇതോടൊപ്പം ഉദ്ഘാടന ചടങ്ങില്‍ വച്ച് സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍, അങ്കണവാടി ഹെല്‍പ്പര്‍, സൂപ്പര്‍വൈസര്‍, സി.ഡി.പി.ഒ. പ്രോഗ്രാം ഓഫീസര്‍ എന്നിവര്‍ക്കും മികച്ച അങ്കണവാടിയ്ക്കും ഉള്ള പുരസ്‌കാരങ്ങള്‍ നല്‍കി. കൂടാതെ അമൃതം ന്യൂട്രിമിക്‌സ് പാചക മത്‌സരത്തില്‍ ഒന്നും രണ്ടും വിജയികള്‍ക്കുള്ള പുരസ്‌കാരവും നല്‍കി.

വി.എസ്. ശിവകുമാര്‍ എം.എല്‍.എ., കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്. എന്നിവര്‍ പങ്കെടുത്തു.

Related Articles