
ഹൈദരാബാദ്: ഇന്നലെ റീലീസ് ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസ് എടുക്കും. അല്ലു അര്‍ജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റര്‍ മാനേജ്മെന്റിനും എതിരെയാണ് കേസ്. ദുരന്തത്തില്‍ രേവതി എന്ന യുവതി മരിച്ചിരുന്നു. രേവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ചിക്കട്പള്ളി പൊലീസ് കേസെടുത്തത്.
സംഭവത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടനെതിരേ വ്യാഴാഴ്ച പോലീസ് കേസെടുത്തിരിക്കുന്നത്. മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് അല്ലു അര്‍ജുന്‍ ബുധനാഴ്ച രാത്രി ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലെത്തിയത്. ഇതോടെ നടനെ കാണാന്‍ ആളുകള്‍ ഇരച്ചെത്തിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് യുവതി മരിച്ചത്. അല്ലു അര്‍ജുന്‍ തീയറ്ററില്‍ എത്തുമെന്ന് തീയറ്റര്‍ മാനേജ്‌മെന്റിന് നേരത്തെ അറിയാമായിരുന്നു. എന്നിട്ടും ആ വിവരം പൊലീസിനെ അറിയിച്ചത് അവസാനനിമിഷമാണെന്നും പൊലീസ് ആരോപിച്ചു. അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം സ്ഥലത്ത് വന്‍തോതില്‍ ഉന്തും തള്ളും ഉണ്ടാക്കിയെന്ന് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി പറഞ്ഞു.
അതേസമയം, മരിച്ച രേവതിയുടെ ഒന്‍പത് വയസായ മകന്‍ ശ്രീ തേജ് ഇപ്പോഴും ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെ രാവിലെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് അതിദാരുണമായ സംഭവം നടന്നത്. അല്ലുവിനെ കാണാന്‍ തടിച്ചുകൂടിയവരുടെ തിക്കിലും തിരക്കിലും പെട്ട് രേവതി വീണ് പോവുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി രേവതിയ്ക്ക് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനിയാണ് 39കാരിയായ രേവതി. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും സാന്‍വിക്കും ഒപ്പമായിരുന്നു അവര്‍ തിയറ്ററില്‍ എത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




