
വയനാട്: വയനാട് കടുവ ഭീതി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കര്‍ഫ്യൂ. പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് എന്നിവടങ്ങളിലാണ് കര്‍ഫ്യൂ. നാളെ രാവിലെ 6 മണി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് കര്‍ഫ്യൂ. കടുവയെ ഇതുവരെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.
കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ സഞ്ചാര വിലക്കുണ്ട്.
ജനങ്ങള്‍ പുറത്തിറങ്ങരുത്. കടകള്‍ അടച്ചിടണം. വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങരുത്. പരീക്ഷകള്‍ക്ക് പോകേണ്ട വിദ്യാര്‍ഥികള്‍ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി കൗണ്‍സിലര്‍മാരെ ബന്ധപ്പെടണം.
മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലാന്‍ ഉന്നത തല യോഗത്തില്‍ തീരുമാനം. ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കടുവ വനം വകുപ്പ് ഉദ്യോഗസ്ഥനെയും ആക്രമിച്ചതോടെയാണ് നിര്‍ണായക പ്രഖ്യാപനം. ഉന്നതതല യോഗത്തിനുശേഷം വനം മന്ത്രി എകെ ശശീന്ദ്രനാണ് കടുവയെ നരഭോജിയായി പ്രഖ്യാപിച്ച് വെടിവെച്ചുകൊല്ലാന്‍ തീരുമാനിച്ച കാര്യം അറിയിച്ചത്. ഇന്ന് രാവിലെ ദൗത്യസംഘത്തിനു നേരെയുണ്ടായ കടുവാ ആക്രമണത്തില്‍ മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യയ്ക്കു പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ഭീതിയിലാണ് നാട്ടുകാര്‍.
കാടിനോട് ചേര്‍ന്നുള്ള മേഖലകളിലെ അടിക്കാടുകള്‍ വെട്ടാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മേഖലയില്‍ നിരീക്ഷണം ശക്തിപ്പെടുത്തും. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് നിയമോപദേശം തേടിയശേഷമാണ് തീരുമാനം. മുഖ്യമന്ത്രിയും തീരുമാനത്തെ പിന്തുണച്ചു. വന്യജീവി ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും വനം മന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വനവുമായി ബന്ധപ്പെട്ട് ഒരു പിന്തുണയും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല.
100 ക്യാമറകള്‍ വയനാട്ടില്‍ പുതിയതായി സ്ഥാപിക്കും. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാനും നിരീക്ഷണം ശക്തമാക്കാനും സംസ്ഥാനത്ത് 400 ക്യാമറകള്‍ സ്ഥാപിക്കുമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ രാധ എന്ന യുവതി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം രാധയെ കടുവ ആക്രമിച്ചുകൊന്നത്. കാപ്പിക്കുരു പറിക്കുന്നതിനിടെ പതിയിരുന്ന കടുവ രാധയെ ആക്രമിക്കുകയായിരുന്നു. തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗം കടുവ ഭക്ഷിച്ചിരുന്നു. കടുവ വലിച്ച് കൊണ്ടുപോയ മൃതദേഹം കാട്ടില്‍ നിന്നാണ് കണ്ടെടുത്തത്.അതിന് ശേഷം രണ്ട് തവണയായി നാട്ടുകാര്‍ കടുവയെ കണ്ടിരുന്നു.
കടുവാ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ വനംമന്ത്രി എ.കെ ശശീന്ദ്രനെതിരെ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിയുടെ വാഹനം തടഞ്ഞ നാട്ടുകാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്നലെ വയനാട്ടില്‍ കടുവക്കായി തിരച്ചില്‍ നടക്കുമ്പോള്‍ മറ്റൊരു പരിപാടിയില്‍ മന്ത്രി പാട്ടുപാടിയതിലാണ് നാട്ടുകാര്‍ രോഷാകുലരായത്. രാധയെ കടുവ കൊന്നതു വനത്തില്‍ വച്ചാണ്, സമരം രാഷ്ട്രീയപ്രേരിതമാണ് എന്നീ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് വാഹനം കടത്തിവിട്ടത്. ശേഷം മന്ത്രി രാധയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പിന്നീട് ഗസ്റ്റ്ഹൗസില്‍ എത്തിയ മന്ത്രിക്ക് നേരെ വീണ്ടും പ്രതിഷേധം ഉയര്‍ന്നിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




