
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. സഭയിലെ 144 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ ഭൂരിപക്ഷം ഉറപ്പാക്കിയത്. ടിവികെയുടെയും സഖ്യകക്ഷികളുടെയും 120 വോട്ടുകൾക്ക് പുറമെ എഐഎഡിഎംകെയിലെ വിമത വിഭാഗത്തിന്റെ 25 എംഎൽഎമായും പിന്തുണ സർക്കാരിന് ലഭിച്ചു. സർക്കാർ രൂപീകരണത്തിന് പിന്നാലെ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടന്നത്.
ടിവികെ – 105, കോൺഗ്രസ് -5, സിപിഐ -2, സിപിഎം -2, മുസ്ലിം ലീഗ് -2 , വിസികെ – 2, എഎംഎംകെ – 1, എഐഎഡിഎംകെ വിമതർ – 25 എന്നീ പാർട്ടികളാണ് വിജയ് സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്. .22 പേർ സർക്കാരിനെതിരെ വോട്ട് ചെയ്തപ്പോൾ അഞ്ച് പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
എഎംഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട എസ്.കാമരാജ് എംഎൽഎയും സർക്കാരിനെ പിന്തുണച്ചു. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കണമെന്ന പാർട്ടി നേതൃത്വത്തിന്റെ കർശന നിർദേശം മറികടന്ന് 25 എഐഎഡിഎംകെ എംഎൽഎമാർ വിജയ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു.
ഡിഎംകെയും ബിജെപിയും പിഎംകെയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു . മുഖ്യപ്രതിപക്ഷമായ ഡിഎംകെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഡിഎംകെയുടെ 59 എംഎൽഎമാരാണ് സഭ വിട്ടത്.
മേയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ടിവികെയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് വിശ്വാസവോട്ടെടുപ്പ് ആവശ്യമായി വന്നത്. തിരഞ്ഞെടുപ്പിൽ 234-ൽ 108 സീറ്റുകൾ നേടി വിജയ്‌യുടെ പാർട്ടി മികച്ച മുന്നേറ്റം നടത്തിയെങ്കിലും കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കുറവായിരുന്നു. ഇതിനുപിന്നാലെ കോൺഗ്രസിന്റെ (5 സീറ്റുകൾ) പിന്തുണ ടിവികെ ഉറപ്പാക്കി. നാല് ദിവസം നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഇടത് മുന്നണി, വിടുതലൈ ചിരുതൈകൾ കച്ചി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നിവരിൽ നിന്നായി എട്ട് സീറ്റുകളുടെ പിന്തുണ കൂടി ടിവികെയ്ക്ക് ലഭിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




