കോഴിക്കോട്:ആദ്യമായി കപ്പല്‍ കണ്ടതിന്റെയും തൊട്ടതിന്റെയും കപ്പലിനുള്ളിലൂടെ നടന്നതിന്റെയും കൗതുകത്തിലും ആവേശത്തിലുമാണ് ഫറൂഖ് കനിവ് സ്‌കൂളിലെ ശിഹാബും റഹുഫും തൈബും കൂട്ടുകാരും. ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ നാലിന്റെ ഭാഗമായി തുറമുഖത്തെത്തിയ നാവിക, തീരസംരക്ഷണസേനകളുടെ കപ്പല്‍ കാണാന്‍ മാതാപിതാക്കള്‍ക്കും ടീച്ചര്‍മാര്‍ക്കുമൊപ്പമാണ് അവര്‍ എത്തിയത്. കപ്പല്‍ നങ്കൂരമിട്ട ബേപ്പൂര്‍ തുറമുഖത്ത് അവരെ സ്വീകരിക്കാന്‍ ഒരു വിശിഷ്ടാതിഥിയും ഉണ്ടായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ്.
രാജ്യത്തിന്റെ കടലും തീരവും സംരക്ഷിക്കുന്ന സേനകളുടെ കപ്പല്‍ കാണാനും കയറാനുമാകുന്നത് നല്ലൊരു അവസരമാണെന്നും എല്ലാവരും എല്ലാം ചുറ്റിനടന്ന് കാണണമെന്നും മേയര്‍ കുട്ടികളോട് പറഞ്ഞു. ശേഷം കേക്ക് മുറിച്ച് അവര്‍ക്ക് മധുരം നല്‍കി.
രാമനാട്ടുകര, ഫറോക്ക് ബഡ്‌സ് വിദ്യാലയങ്ങളില്‍ നിന്നായി 55 വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും വളണ്ടിയര്‍മാരുമാണ് ഞായറാഴ്ച ബേപ്പൂര്‍ തുറമുഖത്ത് ഇന്ത്യന്‍ നേവിയുടെ ഐ.എന്‍.എസ് കബ്രയും കോസ്റ്റ് ഗാര്‍ഡിന്റെ ഐ.സി.ജി.എസ് അനഘും സന്ദര്‍ശിക്കാന്‍ എത്തിയത്.
ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരായ ഗിരിജ ടീച്ചര്‍, കെ രാജീവ്, ഡിടിപിസി സെക്രട്ടറി നിഖില്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.




