ഇന്ത്യയില്‍ ആദ്യമായി തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം വിപണിയില്‍ എത്തിക്കാനൊരുങ്ങി വെസ്റ്റ

HIGHLIGHTS : Vesta is set to launch India's first vegan ice cream made from coconut milk

careertech

കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ് വീഗന്‍ ഐസ്ഡ്ക്രീം. മുംബെ, തമിഴ്നാട് എന്നിവടങ്ങളില്‍ വീഗന്‍ ഐസ്ഡ് ക്രീം നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് തേങ്ങാപ്പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. ഉത്പന്നം ഫെബ്രുവരി ആദ്യവാരം പുറത്തിറക്കും. കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വെസ്റ്റ ബ്രാന്‍ഡ് അംബാസിഡറും അഭിനേത്രിയുമായ കല്യാണി പ്രിയദര്‍ശന്‍ പ്രോഡക്ട് ലോഞ്ചിങ് നിര്‍വഹിക്കും. വെസ്റ്റ കൊക്കോ പാം എന്ന പേരില്‍ പുറത്തിറക്കുന്ന ഐസ്ഡ് ക്രീം വിവിധ രുചികളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം.

‘കഴിഞ്ഞ ആറ് പതിറ്റാണ്ടായി കേരളത്തില്‍ പാലുല്‍പ്പന്നങ്ങളും കാലിത്തീറ്റയും നിര്‍മ്മിക്കുന്ന കെ.എസ്.ഇ ലിമിറ്റഡിന്റെ ഐസ്‌ക്രീം ബ്രാന്‍ഡാണ് വെസ്റ്റ.
സുസ്ഥിരവും ആരോഗ്യകരവുമായ ഭക്ഷ്യ ഉത്പന്നം വിപണിയില്‍ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’ – കെ.എസ്.ഇ ചെയര്‍മാന്‍ ടോം ജോസ് പറഞ്ഞു. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍ മേഖലകളില്‍ കമ്പനിയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ടീം നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 90 % ആളുകളും ആരോഗ്യവും പരിസ്ഥിതി പരവുമായ കാരണങ്ങളാല്‍ വീഗന്‍ ഐസ്ഡ് ക്രീം ലഭ്യമായാല്‍ ഉപയോഗിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചവരാണ്. ഇത്തരത്തില്‍ ആധുനിക ഉപഭോക്തൃ മൂല്യങ്ങള്‍ പരിഗണിച്ചാണ് വീഗന്‍ ഐസ്ഡ് ക്രീം വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

sameeksha-malabarinews

‘സര്‍വെയില്‍ 60 ശതമാനത്തിന് മുകളില്‍ ആളുകള്‍ ലാക്ടോസ് ഇന്‍ടോളറന്‍സ് മൂലം ബുദ്ധിമുട്ടുന്നതായി കണ്ടെത്തിയിരുന്നു. പാലിലും പാലുത്പന്നങ്ങളിലുമുള്ള ലാക്ടോസ് ശരീരത്തിന് ഫലപ്രദമായി ദഹിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണിത്.ഈ സാഹചര്യത്തിലാണ് ഐസ്‌ക്രീം പ്രേമികള്‍ക്കായി ലാക്ടോസ് രഹിത ഉത്പന്നം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് ‘ – കെ.എസ്.ഇ മാനേജിങ് ഡയറക്ടര്‍ എം പി ജാക്സണ്‍ പറഞ്ഞു.
പശുവിന്‍ പാല്‍ അലര്‍ജിയുള്ളവര്‍ക്കും ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്കും അനുയോജ്യമാണ് പൂര്‍ണമായും തേങ്ങാപാല്‍ ഉപയോഗിച്ചുള്ള വീഗന്‍ ഐസ്ഡ്ക്രീമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്താക്കളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും മനസിലാക്കിയാണ് ഓരോ തവണയും പുതിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് കെ.എസ്.ഇ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് പറഞ്ഞു.
പ്രകൃതിദത്തമായ സുഗന്ധങ്ങളും നിറങ്ങളും മാത്രമാണ് അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നത്.തമിഴ്‌നാട്ടിലെ തളിയത്ത്, തൃശ്ശൂരിലെ കോനിക്കര, കോഴിക്കോട് കാക്കഞ്ചേരി, കോട്ടയത്തെ വേദഗിരി എന്നിവിടങ്ങളിലാണ് വെസ്റ്റയുടെ ഉല്‍പ്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും പോള്‍ ഫ്രാന്‍സിസ് പറഞ്ഞു.

ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയിലെ ഏറ്റവും വലിയ കാലിത്തീറ്റ നിര്‍മ്മാതാക്കളില്‍ ഒന്നാണ് കെ.എസ്.ഇ. പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള പാലുല്‍പ്പന്നങ്ങള്‍ ആണ് കെ.എസ്.ഇ തയ്യാറാക്കുന്നത്. മികച്ച ഗുണനിലവാരമുള്ള തീറ്റകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിലൂടെ കന്നുകാലികളില്‍ നിന്നും ഗുണമേന്മയുള്ളതും രുചികരവുമായ പാല്‍ ലഭ്യമാകുന്നു. ഈ പാല്‍ കമ്പനി തന്നെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുകയും വെസ്റ്റ ഉള്‍പ്പെടെയുള്ള കേരളത്തിലെ മികച്ച പാലുല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. വെസ്റ്റ ബ്രാന്‍ഡുകളുടെതായി ഉപഭോകതാക്കള്‍ക്ക് ലഭിക്കുന്ന ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള എല്ലാ പാലുല്‍പ്പന്നങ്ങളും കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന ഗുണമേന്മയുള്ള പാലില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തിലും തമിഴ് നാട്ടിലും വ്യാപിച്ചു കിടക്കുന്ന കെ എസ് ഇ കാലിത്തീറ്റ കര്‍ണാടകയിലേക്കും വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ അടുത്ത പദ്ധതി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!