സുനാമിയെ നേരിടുന്നതിന് തീരദേശവാസികളെ സജ്ജരാക്കുന്ന ‘സുനാമി റെഡി പ്രോഗ്രാം’ തിങ്കളാഴ്ച

സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന ‘സുനാമി റെഡി പ്രോഗ്രാം’ തിങ്കളാഴ്ച (ജൂലൈ ഒന്ന്) വെളിയങ്കോട് എരമംഗലം കിളിയില്‍ പ്ലാസയില്‍ നടക്കും. തീരദേശവാസികളെ സുനാമിയെ നേരിടുന്നതിന് സജ്ജമാക്കുന്ന പദ്ധതിയായ സുനാമി റെഡി പ്രോഗ്രാമിന്റെ രണ്ടാം ഘട്ടമാണ് തിങ്കളാഴ്ച നടക്കുന്നത്. കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിലായി തിരഞ്ഞെടുക്കപ്പെട്ട ഒമ്പതു ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ശക്തമായ തീരശോഷണം നേരിടുന്നതിനാല്‍ വെളിയങ്കോടിനെയാണ് മലപ്പുറം ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയിരുന്നു.

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, റവന്യു, തദ്ദേശ സ്വയം ഭരണം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, സ്‌കൂള്‍ അധ്യാപകര്‍, ആപ്താ മിത്ര അംഗങ്ങള്‍, സന്നദ്ധ സേന അംഗങ്ങള്‍, എന്നിവര്‍ക്കായാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടിയില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. എം മിഥില വിഷയാവതരണം നടത്തും. ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) ഷെര്‍ലി പൗലോസ്, പൊന്നാനി തഹസില്‍ദാര്‍ എന്‍. ജയന്തി, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് ടി.എസ് ആദിത്യ തുടങ്ങിയവര്‍ പങ്കെടുക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top