ടോൾ പിരിവ് ഇന്നുമുതൽ

പന്തീരാങ്കാവ് : ദേശീയപാതയിൽ രാമനാട്ടുകര-വെങ്ങളം റീച്ചിൽ ടോൾ പിരിവ് വ്യാഴം രാവിലെ എട്ട് മുതൽ തുടങ്ങും. ടോൾ നിരക്ക് ഗതാഗത മന്ത്രാലയം ഈ മാസം ഏഴിന് വിജ്ഞാപനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ടോൾ പ്ലാസയിൽ നടന്ന ട്രയൽ റണ്ണും വിജയകരമായിരുന്നു. പന്തിരാങ്കാവ് കുടത്തുംപാറയിലുള്ള ഒളവണ്ണ ടോൾ പ്ലാസയിൽ ടോൾ പിരിവിനായുള്ള എല്ലാ സംവിധാനങ്ങളും പൂർണസജ്ജമാണെന്ന് ദേശീയപാത അതോറിട്ടി പ്രോജക്ട് ഡയറക്ടർ പ്രശാന്ത് ദുബെ പറഞ്ഞു.

ടോൾ പിരിവിൽ ഫാസ് ടാഗിനാണ് മുൻഗണന. യുപിഐ വഴി പണമടയ്ക്കുന്നവർ 0.25% അധിക തുകയും പണമായി അടയ്ക്കുന്നവർ ഇരട്ടി തുകയും നൽകേണ്ടി വരും. ജില്ലയിൽ രജിസ്റ്റർചെയ്ത നാഷണൽ പെർമിറ്റ് അല്ലാത്ത കൊമേഴ്സ്യൽ വാഹനങ്ങൾക്ക് 50 ശതമാനമാണ് ടോൾ നിരക്കിലെ ഇളവ്.

ഒരുമാസം 50 തുടർച്ചയായ യാത്ര നടത്തുന്ന വാഹനത്തിനും ടോൾ നിരക്കിൽ 33 ശതമാനം ഇളവുണ്ട്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ വരുന്ന, സ്വകാര്യ കാറുടമകൾ ക്കുള്ള പ്രതിമാസ പ്രത്യേക പാസിന് 340 രൂപയാണ്. വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ആധാർ കാർഡുമായി ടോൾ പ്ലാസയിൽ എത്തിയാൽ പ്രതിമാസ പാസ് ലഭിക്കും. പാസ് ഉപയോഗിച്ച് ഒരു മാസം എത്ര തവണ വേണമെങ്കിലും കടന്നുപോകാം. പ്രതി മാസ പാസുള്ളവർക്ക് 3000 രൂപയുടെ വാർഷിക പാസ് വാങ്ങുന്നതിന് തടസ്സമില്ലെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ഈ പാസ് ഉള്ളവർ നിശ്ചിത ടോൾ പ്ലാസ കടന്നുപോകുമ്പോൾ പ്രതിമാസ പാസിൽ നിന്നാണ് തുക ഈടാക്കുക. വാർഷിക പാസ് ഉപയോഗിച്ച് സ്വകാര്യ കാറുകൾക്ക് ഇന്ത്യയിലെ ഏത് ടോൾ പ്ലാസയിലൂടെയും 200 തവണ കടന്നുപോകാം.

കഴിഞ്ഞ ദിവസങ്ങളിൽ ടോൾ പിരിവ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിമാസ പാസ് നൽകുന്നതിലുണ്ടായ അനിശ്ചിതത്വമാണ് വൈകിപ്പിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top