തിരൂര്‍: പുഴയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. മുസ്തഫ വെള്ളിയത്ത് താനാളൂര്‍ വെള്ളിയത്ത് ലബീബ് (19)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മുതല്‍ ലബീബിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിലാണ് ചെമ്പ്ര കുണ്ടനാത്ത് കടവ് പാലത്തില്‍ നിന്ന് ആരോ പുഴയിലേക്ക് ചാടുന്നത് കണ്ടതായി വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഫയർ & റെസ്ക്യു മലപ്പുറം, തിരൂർ യൂണിറ്റിലെ അംഗങ്ങളും, എമർജൻസി റെസ്ക്യു ഫോഴ്സിലെ തിരൂർ, താനൂർ യൂണിറ്റ് പ്രവർത്തകരും തിരിച്ചില്‍ ആരംഭിച്ചു. എന്നാല്‍ പുലര്‍ച്ചെ രണ്ടുമണിവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. പതിനൊന്നുമണിയോടെയാണ് മൃതദേഹം ലഭിച്ചത്. തുടര്‍ന്നാണ് മരിച്ചത് ലബീബാണെന്ന് തിരിച്ചറിഞ്ഞത്. തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ലബീബ് തിരൂരിലെ പ്രൈവറ്റ് സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. മരണവിവരമറിഞ്ഞ് ഗള്‍ഫിലുള്ള പിതാവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മാതാവ്: ഖമറുന്നീസ. സഹോദരങ്ങള്‍: അന്‍സാബ് റഹ്മാന്‍, മുഹമ്മദ് മുഷ്ഫിഖ്.



