തിരൂര്‍ ചമ്രവട്ടത്ത് പോലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരൂര്‍ : ചമ്രവട്ടത്ത് ഭാരതപ്പുഴയില്‍ മണല്‍ റെയിഡിനിടെ പോലീസിനെ കണ്ട് പുഴയില്‍ ചാടിയ രണ്ടുപേരില്‍

തിരൂര്‍ : ചമ്രവട്ടത്ത് ഭാരതപ്പുഴയില്‍ മണല്‍ റെയിഡിനിടെ പോലീസിനെ കണ്ട് പുഴയില്‍ ചാടിയ രണ്ടുപേരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തവനൂര്‍ മാത്തൂര്‍ സ്വദേശി മന്‍സൂര്‍ എന്ന കുഞ്ഞുട്ടി(20)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ തിരച്ചിലിനിടയില്‍ എട്ടാകാലോടെ പുറത്തുര്‍ കളൂര്‍ കടവിനരികിലെ തുരത്തിലാണ് മൃതദേഹം കണ്ടത്.

ഇന്നലെ രാവിലെ പോലീസിനെ കണ്ട് ചമ്രവട്ടം പാലത്തിലാണ് അപകടം നടന്നത്. തിരൂര്‍ പോലീസ് മണല്‍ലോറി പിടികൂടുന്നതിനിടയില്‍ ലോറിയിലെ ഡ്രൈവറും ക്ലീനറും വണ്ടി നിര്‍ത്തി ഇറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു.

ലോറിയിലെ ക്ലീനറായ ചമ്രവട്ടം സ്വദേശി ഉമര്‍ഷാ നീന്തി രക്ഷപ്പെട്ടിരുന്നു. മരിച്ച മന്‍സൂര്‍ ആയിരുന്നു ലോറി ഓടിച്ചിരുന്നത്.

ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.