തൃശ്ശൂര്‍ പൂരം വിവാദം: വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി, പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട വിവരാവകാശ പ്രകാരമുള്ള മറുപടി നല്‍കിയ സംഭവത്തില്‍ പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്കെതിരെ നടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം എസ് സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു. അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്.

തൃശ്ശൂര്‍ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്ക്ക് തെറ്റായ മറുപടി നല്‍കി സര്‍ക്കാരിനും പൊലീസ് സേനയ്ക്കും കളങ്കം ഉണ്ടാക്കി എന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിജിപിയുടെ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നടപടി. ഡിവൈഎസ്പിയുടെ നടപടി തെറ്റായ വാര്‍ത്ത പ്രചരിക്കാന്‍ കാരണമായെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്.

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്നുള്ളതായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. അതില്‍, അന്വേഷണം നടക്കുന്നില്ലെന്നായിരുന്നു ലഭിച്ച മറുപടി. എന്നാല്‍, ഈ അവസരത്തില്‍ എ.ഡി.ജി.പി. തലത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. വിവരാവകാശ ചോദ്യം തൃശൂരിലേക്ക് അയച്ചത് തെറ്റാണെന്നും പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും അത് മറച്ചുവെച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അപേക്ഷ ലഭിച്ച് മറുപടിക്ക് 30 ദിവസം ബാക്കി ഉണ്ടായിട്ടും അടുത്ത ദിവസം തന്നെ മറുപടി നല്‍കിയെന്നും ജാഗ്രത കുറവുണ്ടായെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. സുപ്രധാന ചോദ്യമായിട്ടും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താതെയായിരുന്നു മറുപടി ഒരു മാധ്യമത്തിന് നല്‍കിയതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top